ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ പുതിയ വാഹനങ്ങളില്‍ ഓഡോ മീറ്റര്‍ കണക്ഷനില്‍ കൃത്രിമം: ഡീലർമാർക്ക് 1,03,000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം
ഡീലര്‍മാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളില്‍ ഓഡോ മീറ്റര്‍ കണക്ഷനില്‍ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആഡംബര ബൈക്കിന്റെ ഓഡോമീറ്ററിൽ കൃത്രിമം കാണിച്ച ഡീലർമാർക്ക് 1,03,000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം.
വാഹന വിൽപ്പനയ്ക്ക് മുമ്പ് നടത്തുന്ന ടെസ്റ്റ് ഡ്രൈവ്, പ്രദർശത്തിന് കൊണ്ടുപോകൽ, മറ്റു ഷോറൂമിലേക്ക് സ്റ്റോക്ക് മാറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്കും ചില സ്വകാര്യ ആവശ്യങ്ങൾക്കും പുതിയ വാഹനം ഉപയോഗിക്കുമ്പോൾ ഓടിയ ദൂരം മീറ്ററിൽ കാണാതെ തീരെ ഓടാത്ത വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇങ്ങനെ കൃത്രിമം നടത്തുന്നത്.
ഇത് മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമായതിനാൽ ഡീലർക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. കോട്ടയ്ക്കൽ സ്വകാര്യ മോട്ടോഴ്സ് ഷോറൂമിൽ നിന്ന് കോഴിക്കോടുള്ള മറ്റൊരു ഒട്ടോമോട്ടീവ്സ് ഷോറൂമിലേക്ക് വാഹനം ഓടിച്ച് കൊണ്ടു പോകും വഴി ദേശീയപാത കക്കാട് വച്ച് വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ വാഹനം പിടികൂടുകയായിരുന്നു. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ആഡംബര ബൈക്ക് ഓടിച്ചു പരിശോധിച്ചപ്പോൾ ഓഡോ മീറ്റർ കണക്‌ഷൻ വിച്ഛേദിച്ചതായി കണ്ടെത്തി. ട്രേഡ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഇല്ലാത്തതിനാലും 1,03,000 രൂപ പിഴ ചുമത്തി.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. കെ. മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിൽ എ.എം.വി.ഐമാരായ കെ.ആർ. ഹരിലാൽ, പി. ബോണി എന്നിവരാണ് പരിശോധന നടത്തിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പും ഇതുപോലെ രണ്ട് ബൈക്കുകൾക്കെതിരെയും ആറ് മാസങ്ങൾക്കു മുമ്പ് ഒരു കാറിനെതിരെയും എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി പിഴ ചുമത്തിയിരുന്നു.
https://www.facebook.com/Malayalivartha