കരള്‍ രോഗമാണെന്ന് ഒരാഴ്ച മുമ്പാണ് അറിയുന്നത്... ലാസ്റ്റ് സ്റ്റേജ് ആണെന്ന് അവള്‍ ഒരിക്കലും അറിഞ്ഞില്ല: ഞെട്ടിച്ച് വെളിപ്പെടുത്തൽ
അവള്‍ക്ക് കരള്‍ രോഗമാണെന്ന് ഒരാഴ്ച മുമ്പാണ് അറിയുന്നത്. ലാസ്റ്റ് സ്റ്റേജ് ആണെന്ന് അവള്‍ ഒരിക്കലും അറിഞ്ഞില്ല. ലിവര്‍ ട്രാന്‍സ്പ്ലാന്റെഷന്‍ വേണ്ടി വരും എന്ന് എന്റെ അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. ഒന്നും പേടിക്കേണ്ട വേണ്ടത് ചെയ്യാം എന്ന് ഞാനും പറഞ്ഞിരുന്നു. പക്ഷെ ഒന്നിനും അവള്‍ കാത്ത് നിന്നില്ല. എനിക്ക് അവളോട് സംസാരിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് നടൻ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വിതുമ്പലോടെ മാധ്യമങ്ങളോട് പ്രതികരിച്ചു. അമ്മയില്‍ അവള്‍ അംഗമായിരുന്നില്ല.
ഇത്ര വലിയ അസുഖം പെട്ടെന്നാണ് വന്നത്. അവള്‍ ഒരു പുലിയായിരുന്നു. നോ എന്ന വാക്ക് അവളുടെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല. എനിക്ക് വയ്യ എന്ന് ഒരിക്കലും പറഞ്ഞില്ല. അവള്‍ക്ക് മൈഗ്രെയിന്‍ ഉണ്ട്. പിഷാരടിയ്ക്കും മൈഗ്രെയിനുണ്ട്. രണ്ടുപേരും സ്റ്റേജിന്റെ പിറകില്‍ തല പൊത്തിപ്പിടിച്ച് നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, ഒരുപാട് തവണ. പിഷാരടിയും വയ്യ എന്ന് പറയില്ല.
ഞാനൊക്കെ വയ്യെങ്കില്‍ വയ്യ എന്ന് പറയും. അതുകൊണ്ട് തന്നെ സുബി എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സുബി വയ്യായ്മ വെച്ച് പൊരിഞ്ഞ ഡാന്‍സൊക്കെ കളിക്കും. ഞെട്ടിപ്പോയിട്ടുണ്ട് പലപ്പോഴും. അവള്‍ ചാനലുകളില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. പക്ഷെ സ്റ്റേജ് പരിപാടികള്‍ക്ക് ഞങ്ങള്‍ക്കൊപ്പമായിരുന്നു അവള്‍. ആരുടെ കൂടെ ചേര്‍ന്നാലും അവള്‍ ആ പരിസരത്ത് ഇഴുകിച്ചേരും. അത് സുബിയുടെ പ്രത്യേകതയായിരുന്നുവെന്ന് ധർമ്മജൻ പറയുന്നു.
മലയാളികള്‍ക്ക് പ്രിയങ്കരിയായ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് ഇന്നു രാവിലെയാണ് വിട പറഞ്ഞത്. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് താരം ചികിത്സയിലായിരുന്നു. 41 വയസ് മാത്രമുള്ള ഒരു വ്യക്തിക്ക് കരള്‍ രോഗം ഇത്രയും ഗുരുതരമാകുന്നത് പതിവില്ല. എന്നാല്‍ സുബിയുടെ കാര്യത്തില്‍ കാര്യങ്ങള്‍ മറിച്ചാണ് സംഭവിച്ചത്. അവരുടെ ചികില്‍സയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും അതിവേഗം ചെയ്തിരുന്നു.
പക്ഷേ, ലക്ഷ്യത്തിലെത്തും മുമ്പേ സുബി വിടപറഞ്ഞു. പ്രതീക്ഷിതമായ വിയോഗമെന്നാണ് സഹപ്രവര്‍ത്തകരെല്ലാം പ്രതികരിക്കുന്നത്. എന്താണ് സുബിയുടെ അസുഖം, ആശുപത്രിയിലെത്തിയ ശേഷം സംഭവിച്ചത് എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. സണ്ണി രംഗത്ത് എത്തിയിരുന്നു.
സുബി സുരേഷിന് നേരത്തെ കരള്‍ രോഗമുണ്ടായിരുന്നു. അതിന് പുറമെ അണുബാധയുമുണ്ടായി. ഇവിടെ വന്നപ്പോള്‍ അതായിരുന്നു അവസ്ഥ. ഇതിനുള്ള ചികില്‍സ നല്‍കി. എന്നാല്‍ ഇങ്ങനെ വരുന്ന രോഗികള്‍ക്ക് വൃക്കയെ ബാധിക്കാറുണ്ട്. സുബിയുടെ കാര്യത്തില്‍ കരളില്‍ നിന്നും വൃക്കയെയും ശേഷം ഹൃദയത്തെയും ബാധിച്ചിരുന്നു. അവസാനം കാര്‍ഡിയാക് ഫെയ്‌ലിയറിലേക്ക് എത്തിയെന്നും ഡോക്ടര്‍ വിശദീകരിച്ചു. ഇനി ചെയ്യാനുണ്ടായിരുന്നത് കരള്‍ മാറ്റിവയ്ക്കുക എന്ന ഒപ്ഷന്‍ മാത്രമായി. അനിയോജ്യമായ ആളെ കണ്ടെത്തി.
അവരുടെ ബന്ധുവായ സ്ത്രീ തന്നെയായിരുന്നു തയ്യാറായത്. അതിനുള്ള നടപടികള്‍ ചെയ്തുവരികയായിരുന്നു. ഇന്‍ഫക്ഷന്‍ കാരണം മാറ്റിവയ്ക്കല്‍ നടന്നില്ല എന്നത് സത്യമാണെന്നും ഡോക്ടര്‍ പറഞ്ഞു. സുബിയുടെ കാര്യത്തില്‍ നടപടികള്‍ വൈകിയിട്ടില്ല. കരള്‍ മാറ്റിവയ്‌ക്കേണ്ട രോഗിയാണ് എന്ന് ആദ്യം നിര്‍ണയിക്കണം. ആദ്യത്തില്‍ തന്നെ ഇക്കാര്യം ഞങ്ങള്‍ തീരുമാനിച്ചു. പിന്നീട് ദാതാവിനെ കണ്ടെത്തണം. രണ്ടു പേര്‍ക്കും ടെസ്റ്റുകളുണ്ട്. ഇരുവരുടെയും ആരോഗ്യം പരിശോധിക്കണം. ആരോഗ്യപരമായ ശേഷി കൂടി കരള്‍ മാറ്റിവയ്ക്കുന്ന വേളയിലുണ്ടാകണം. മാസങ്ങള്‍ നീളുന്ന ഇത്രയും കാര്യങ്ങള്‍ അതിവേഗം ഞങ്ങള്‍ തീര്‍ത്തുവെന്നും ഡോക്ടര്‍ പറഞ്ഞു.
കരള്‍ മാറ്റിവയ്ക്കുന്നതിന് നടപടിക്രമങ്ങള്‍ ഏറെയാണ്. പലരും തെറ്റായ രീതിയില്‍ ഇതിനെ സമീപിക്കുന്നത് കാരണമാണ് നടപടിക്രമങ്ങള്‍ ശക്തമാക്കിയത്. എന്നാല്‍ ഇത്തരക്കാരുടെ പ്രവൃത്തികള്‍ കാരണമുണ്ടായ നടപടിക്രമങ്ങള്‍ സുബിയുടെ കാര്യത്തില്‍ തിരിച്ചടിയായി എന്ന് സുരേഷ് ഗോപി സൂചിപ്പിച്ചിരുന്നു. ചികില്‍സ വേഗത്തിലാക്കാന്‍ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിരുന്നു.
https://www.facebook.com/Malayalivartha