ദേഹമാകെ നീര് വച്ചു... എന്റെ കൈപിടിച്ച് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് എന്റെ മോള് പോയത്... വാക്കുകൾ ഇടറി സുബിയുടെ 'അമ്മ'

കരള്‍ മാറ്റിവെക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു സുബി സുരേഷിന്റെ ആരോഗ്യനില വഷളായതും ഹൃദയാഘാതം സംഭവിച്ചതും. സുബിയുടെ അസുഖത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. പ്രിയ കൂട്ടുകാരിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങളെല്ലാം അവര്‍ നടത്തിയിരുന്നു. അതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. സുബിയുടെ അവസാന നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് 'അമ്മ അംബിക.
റിസ്‌ക്കാണെന്ന് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞിരുന്നു. നിങ്ങള്‍ വേറെ ഓപ്ഷനുണ്ടെങ്കില്‍ നോക്കിക്കോളൂ, അവസ്ഥ മോശമാവുകയാണെന്ന് പറഞ്ഞിരുന്നു. ഏറ്റവും നല്ല ഡോക്ടറിനെയാണ് നമ്മള്‍ കാണിച്ചത്. അങ്ങനെ കൊണ്ടുപോവാന്‍ പറ്റിയ കണ്ടീഷനിലായിരുന്നില്ല സുബി. ദേഹത്തൊക്കെ നീര് വച്ചിരുന്നു. എന്നോട് സംസാരിച്ച് കൊണ്ടിരിക്കെയാണ് അവള്‍ പോയതെന്നുമായിരുന്നു സുബിയുടെ അമ്മ പറഞ്ഞത്.
ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും അമ്മയുടെ സപ്പോർട്ട് ഉണ്ടായിരുന്നുവെന്ന് സുബി തന്നെ പറഞ്ഞിരുന്നു. ഞാന്‍ കലാകാരിയാവാനുള്ള കാരണവും അമ്മയാണ്. മിലിട്ടറി ഓഫീസറാവാനായിരുന്നു ആഗ്രഹിച്ചത്. യാദൃശ്ചികമായി കലാരംഗത്തേക്ക് എത്തുകയായിരുന്നു സുബി. ബ്രേക്ക് ഡാന്‍സിലൂടെയായാണ് തുടക്കം. ടിനി ടോമായിരുന്നു സുബിയെ ഡയാന സില്‍വസ്റ്ററിന് പരിചയപ്പെടുത്തിയത്. ആദ്യ കാഴ്ചയില്‍ത്തന്നെ സുബിയിലെ കലാകാരിയെ അവര്‍ തിരിച്ചറിഞ്ഞു.
സിനിമാലയിലൂടെ തുടങ്ങി സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി തിളങ്ങുകയായിരുന്നു സുബി. രണ്ടാമത്തെ കൊറോണ വന്ന സമയത്താണ് ചുമയും ശ്വാസംമുട്ടലും വന്നത്. അന്ന് ഡോക്ടറെ കണ്ട് ട്രീറ്റ്‌മെന്റൊക്കെ എടുത്തിരുന്നു. കുറേ ഗുളിക കൊടുത്തിരുന്നു. അതില്‍ ഒരെണ്ണം പോലും തൊട്ടിട്ടില്ല, കഴിക്കില്ല. മരുന്ന് കഴിക്കുന്നതില്‍ വല്യ മടിയാണെന്നും സുബിയെക്കുറിച്ച് അമ്മ പറഞ്ഞിരുന്നു. എത്രയൊക്കെ കരുതലുകളുമായി നടന്നിട്ടും കൊറോണ വന്നതിനെക്കുറിച്ച് മുന്‍പ് സുബി പറഞ്ഞിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിരുന്നു.
അവയവമാറ്റം വൈകിയതാണ് സുബി സുരേഷിന്റെ മരണകാരണമെന്ന ആരോപണം തള്ളി ആശുപത്രി അധികൃതർ രംഗത്ത് എത്തിയിരുന്നു. രൾമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി നൽകാൻ മെഡിക്കൽബോർഡ് കൂടാനിരിക്കെയാണ് മരണം സംഭവിച്ചതെന്നും സുബിയെ ചികിൽസിച്ച കൊച്ചി രാജഗിരി ആശുപത്രി സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ പറഞ്ഞു. കഴിഞ്ഞ ജനുവരി 20നാണ് സുബി ആശുപത്രിയിൽ എത്തിയത്. പെട്ടെന്ന് തന്നെ ഇൻഫെക്ഷൻ ആയി അസുഖം മൂർച്ഛിച്ചു.
ഇൻഫെക്ഷൻ നിയന്ത്രിക്കാനുള്ള ചികിൽസ നൽകിയെങ്കിലും സുബിയുടെ ശരീരം അതിനോടൊക്കെ പതുക്കെയാണ് പ്രതികരിച്ചിരുന്നത്.കരൾ മാറ്റിവയ്ക്കേണ്ടി വരുമെന്ന് ബന്ധുക്കളെ അറിയിച്ചു. ആദ്യമൊക്കെ അവർക്ക് ഉൾക്കൊള്ളാൻ പ്രയാസമായെങ്കിലും പിന്നീട് ദാതാവിനെ കണ്ടെത്താൻ ബന്ധുക്കളുടെ ഭാഗത്തുനിന്നും ആശുപത്രിയുടെ ഭാഗത്തുനിന്നും വേഗത്തിൽ ശ്രമം തുടർന്നു.അതിനിടയിൽ സുബിയുടെ തന്നെ ഒരു ബന്ധു കരൾ നൽകാൻ മുന്നോട്ടു വന്നതോടെ നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരുന്നെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
പലപ്പോളും കരൾരോഗം മൂർച്ഛിക്കുമ്പോളും രോഗി ബാഹ്യലക്ഷണം കാണിക്കണമെന്നില്ല. എന്നാൽ ഇവർക്ക് പ്രതിരോധശക്തി വളരെ കുറവായിരിക്കും. സുബിയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. സംസ്ഥാന ബോർഡ് കൂടി കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് അനുമതി നൽകാനിരിക്കവേയാണ് സുബിയുടെ വൃക്കയും ഹൃദയവും തകരാറിലായത്. പെട്ടെന്നുണ്ടായ ഹൃദയഘാതമാണ് സുബിയുടെ മരണത്തിലേക്ക് നയിച്ചതെന്നും ഡോക്ടർ പറഞ്ഞു.
വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല കരൾമാറ്റ ശസ്ത്രക്രിയക്കുള്ള നടപടിക്രമങ്ങൾ. മൂന്നും നാലും മാസത്തെ പരിശ്രമഫലമായാണ് ദാതാവിനെ കണ്ടെത്താനാവുക. പിന്നീട് ദാതാവിന്റെയും സ്വീകർത്താവിന്റെയും ശരീരം അവയവമാറ്റത്തിന് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തണം. പിന്നീട് അവയവമാറ്റത്തിന് ഇൻസ്റ്റിറ്റൂഷൻ മെഡിക്കൽ ബോർഡിന്റെയും സംസ്ഥാന മെഡിക്കൽ ബോർഡിന്റെയും അനുമതി ലഭിക്കണം. ഇതൊന്നും മാറ്റിവയ്ക്കാവുന്ന നടപടിക്രമങ്ങളല്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ സുബിയുടെ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചു. ചേരാനെല്ലൂർ പൊതുശ്മാശനത്തിലാണ് സംസ്കാരം.
https://www.facebook.com/Malayalivartha