തിരിച്ച് വരവ് നടത്തിയത് കീഴടക്കാൻ ശ്രമിച്ചവരുടെ നെഞ്ചിലേക്ക് തീ കോരിയിട്ട്.... ഭാവനയെക്കുറിച്ച് വിധു വിൻസെന്റ്

നീണ്ട ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് ശക്തമായ മടങ്ങിവരവിന് ഒരുങ്ങുന്ന നടി ഭാവനയ്ക്ക് ആശംസകളുമായി സംവിധായിക വിധു വിൻസെന്റ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ ഷറഫുദീനാണ് ഭാവനയുടെ നായകൻ. രണ്ടാം വരവിൽ ഭാവനയ്ക്ക് ആശംസയുമായി താരലോകം ഒപ്പമുണ്ട്. സഹപ്രവർത്തകരും താരങ്ങളുമായ നടൻ മാധവൻ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ജാക്കി ഷ്‌റോഫ്, മഞ്ജു വാര്യർ, പ്രിയ മണി, പാർവതി, മുതിർന്ന മാധ്യമപ്രവർത്തകൻ ജിതേഷ് പിള്ള തുടങ്ങിയവർ വീഡിയോ ആശംസകൾ നേർന്നു.
കീഴടക്കാൻ ശ്രമിച്ചവരുടെ നെഞ്ചിലേക്ക് തീ കോരിയിട്ടുകൊണ്ടുള്ള മടങ്ങിവരവാണിതെന്ന് വിധു വിൻസെന്റ് ഫേസ്‌ബുക്കിൽ കുറിച്ചത്. ആയിരക്കണക്കിന് സ്ത്രീകൾക്ക് ആശ്വാസമായി അവൾ ഇനിയും വെള്ളിത്തിരയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് വിധു വിൻസെന്റ് പറയുന്നു. ഒപ്പം, നയന സൂര്യയുടെ ദുരൂഹ ആത്മഹത്യയിൽ കൃത്യമായ അന്വേഷണം വേണമെന്നും സംവിധായിക ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.
വിധു വിൻസെന്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ...
തന്നെ നിശബ്ദയാക്കാനും തോല്പിക്കാനും ശ്രമിച്ചവരിൽ നിന്ന് കുതറിമാറി തോല്ക്കാൻ മനസ്സില്ല എന്ന് പറഞ്ഞു കൊണ്ടാണ് ഭാവന തിരിച്ചു വരുന്നത്. ആരൊക്കെയാണോ അവളെ കീഴടക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചത് അവരുടെ നെഞ്ചിലേക്ക് തീ കോരിയിട്ടു കൊണ്ടാണ് ഈ മടങ്ങിവരവ്.
നിശ്ശബ്ദയാക്കാൻ ശ്രമിച്ചവർക്കെതിരേയുള്ള ജീവിക്കുന്ന സാക്ഷ്യം പറച്ചിലായി അവൾ ഇവിടെത്തന്നെയുണ്ടാവും. ഭാവനയുടെ മടങ്ങിവരവിനായി ആഗ്രഹിച്ച മനുഷ്യർക്ക്, ആയിരകണക്കിന് സ്ത്രീകൾക്ക് ആശ്വാസമായി അവൾ ഇനിയും വെള്ളിത്തിരയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്കുള്ള ഈ മടങ്ങിവരവിന് ഒരായിരം അഭിവാദ്യങ്ങൾ.
https://www.facebook.com/Malayalivartha