ഗാനമേളയ്‌ക്കിടെ ജീവനും കൊണ്ട്, ഓടി രക്ഷപെട്ട് വിനീത് ശ്രീനിവാസൻ... പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിലെ സത്യം...

വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ ഗായകനാണ് വിനീത് ശ്രീനിവാസൻ. ഗായകൻ എന്നതിനു പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമാഭിനയം, തിരക്കഥാ രചന,സംവിധാനം തുടങ്ങി സിനിമയുടെ വൈവിധ്യമാർന്ന മേഖലകളിൽ ധൈര്യപൂർവ്വം പരീക്ഷണങ്ങൾ നടത്താനിറങ്ങിയ ചെറുപ്പക്കാരൻ എന്നൊക്കെയുള്ള വിശേഷണങ്ങൾക്ക് യോജ്യനാണ് വിനീത് ശ്രീനിവാസൻ.
ഇപ്പോഴാകട്ടെ കേരളത്തിൽ ഉത്സവങ്ങളുടെ സീസണാണ്. സ്റ്റേജ് പ്രോഗ്രാമുകളിലും ഗാനമേളകളിലും പ്രമുഖരടക്കമാണ് എത്തുന്നത്. എന്നാല്‍ സെലിബ്രിറ്റികൾ എത്തുമ്പോൾ അവര്‍ക്ക് സുരക്ഷ ഒരുക്കുന്നത് ഭാരവാഹികളെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണ്. ആരാധകരുടെ തിക്കിത്തിരക്ക് അനിയന്ത്രിതമാകുമ്പോൾ സെലിബ്രിറ്റികൾക്ക് ഓടിരക്ഷപ്പെടുകയല്ലാതെ വേറെ വഴിയില്ല. നടനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ഇത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ആലപ്പുഴ ചേർത്തല വാരനാട് ദേവി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്ക് എത്തിയ വിനീത് ശ്രീനിവാസന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഗാനമേളക്ക് ശേഷം തന്റെ കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് വിനീത് ഓടുന്നതാണ് വീഡിയോയിൽ. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് വിനീതിന് തന്റെ കാറുള്ള സ്ഥലത്തേക്ക് ഓടേണ്ടിവന്നത്. പരിപാടി മോശമായത് കൊണ്ട് വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന തരത്തിലൊക്കെ സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിക്കുന്നുണ്ട്.
എന്നാൽ സംഭവത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് സുനീഷ് വാരനാട്. വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം ഇതാണ്... വാരനാട്ടെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു. രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും സംഘവും നടത്തിയത്.
അഭൂതപൂർവമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. ‘പ്രോഗ്രാം മോശമായി;വിനീത് ഓടിരക്ഷപ്പെട്ടു’ എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ് എന്ന് അദ്ദേഹം കുറിച്ചു.
മലയാളിക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച നടനും-തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെയും അധ്യാപികയായ ശ്രീമതി വിമലയുടെയും മൂത്ത പുത്രനായി കണ്ണൂരിലാണ് വിനീത് ശ്രീനിവാസന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിനീത് ചെന്നൈ കെ.ജി.ജി കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗ് പഠിച്ചു കൊണ്ടിരിക്കെയാണ് 2003ൽ പ്രിയദർശൻ സംവിധാനം ചെയ്ത "കിളിച്ചുണ്ടൻ മാമ്പഴ"ത്തിൽ വിദ്യാസാഗർ സംഗീതം ചെയ്ത "കസവിന്റെ തട്ടമിട്ട" എന്ന ഗാനം പാടി മലയാള സിനിമയിലേയ്ക്ക് കടന്നുവരുന്നത്.
1998ലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മാപ്പിളപ്പാട്ടിന് ഒന്നാം സമ്മാനാർഹമായതാണ് സിനിമയിലും തന്റെ ശബ്ദം പരീക്ഷിക്കാൻ വിനീതിനു ധൈര്യമായത്. എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയതോടെ സിനിമ മുഖ്യവഴിയായി തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് നിരവധി സിനിമകളിലും സംഗീതഷോകളിലും പാടി. ഇതെല്ലം വിനീതിനെ മലയാളത്തിലെ പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനും ജനപ്രിയനുമാക്കി മാറ്റി.
അർജുൻ ശശി, ജേക്ക്സ് ബിജോയ് എന്നിവരൊത്ത് "മലയാളി" എന്ന മ്യൂസിക് ബാൻഡ് സംഘടിപ്പിച്ച് നിരവധി സംഗീതപരിപാടികൾ അവതരിപ്പിച്ചിരുന്നു. 2008ൽ പുറത്തിറങ്ങിയ "സൈക്കിൾ" എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീതും സംഗീത സംവിധായകൻ ഷാൻ റഹ്മാനുമൊത്ത് പുറത്തിറക്കിയ "കോഫി@എംജി റോഡ്" എന്ന ആൽബം ക്യാമ്പസുകളിൽ ഏറെ ഹിറ്റായി മാറിയിരുന്നു. മലർവാടി എന്ന ചിത്രത്തിലൂടെ വിനീത് ഉണ്ടാക്കിയെടുത്ത മലർവാടി ഓർക്കസ്ട്ര എന്ന സംഗീതസംഘം വിദേശങ്ങളിലും ഇന്ത്യയിലും നിരവധി ഷോകൾ അവതരിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha