10 ദിവസമായി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞ് നടി ഗ്രേസ് ആന്റണി രംഗത്ത്
കഴിഞ്ഞ 10 ദിവസമായി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞ് നടി ഗ്രേസ് ആന്റണി രംഗത്ത്. ആദ്യ ദിവസം മുതല്‍ തനിക്കു വീട്ടുലുള്ളവര്‍ക്കും ചുമ തുടങ്ങി എന്നാണ് ഗ്രേസ് പറയുന്നത്. അത് ശ്വാസംമുട്ടലായെന്നും കണ്ണു നീറി വെള്ളം വന്നു തുടങ്ങിയെന്നുമാണ് താരം കുറിക്കുന്നത്. ഇപ്പോള്‍ തലപൊളിയുന്ന വേദനയാണെന്നും ഗ്രേസ് പറയുന്നത്. ബ്രഹ്മപുരം തീപിടുത്തത്തെ തുടർന്നുള്ള രോഗാവസ്ഥയാണ് താരം ചൂണ്ടി കാണിക്കുന്നത്.
ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തില്‍ നിന്നുയര്‍ന്ന പുക ഇപ്പോൾ കേരളത്തിലെ വലിയ ചര്‍ച്ച വിഷയമാണ്. പലര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഒട്ടേറെ പേര്‍ ചികില്‍സ തേടി. തീയണയ്ക്കാനുള്ള ശ്രമം ഒരുഭാഗത്ത് നടക്കുന്നുണ്ടെങ്കിലും പൂര്‍ണമായി ഫലം കണ്ടിട്ടില്ല. വലിയ പ്രതിഷേധമാണ് കഴിഞ്ഞ പത്ത് ദിവസമായി നിലനില്‍ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
അമേരിക്കയില്‍ നിന്നുള്ള ഉപദേശം സ്വീകരിച്ച് തീയണയ്ക്കാനുള്ള നീക്കം നടക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ഇപ്പോഴും ജനങ്ങള്‍ പ്രയാസത്തിലാണ്. ഈ ഘട്ടത്തിലാണ് തനിക്കുണ്ടായ വിഷമങ്ങള്‍ എടുത്ത് പറഞ്ഞ് ഗ്രേസ് ആന്റണി പ്രതികരിച്ചത്. 95 ശതമാനം തീയണച്ചു എന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് അവകാശപ്പെടുന്നത്. ന്യൂയോര്‍ക്ക് അഗ്നിശമന സേനയുടെ സഹായം തേടിയെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും തീ പിടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിഹാര നടപടി തുടങ്ങി. യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തിയെന്നും കളക്ടര്‍ പറയുന്നു.
തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു എന്നാണ് മന്ത്രി പി രാജീവ് പ്രതികരിച്ചത്. ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും അദ്ദേഹം വിശദീകരിച്ചു. പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
അതേ സമയം, ബ്രഹ്മപുരത്ത് തീയിട്ടത് വലിയ ക്രിമിനല്‍ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മാലിന്യ സംസ്‌കരണത്തില്‍ പരാജയപ്പെട്ട കൊച്ചി കോര്‍പറേഷന്‍ പിരിച്ചുവിടണം എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. നഗരത്തിന്റെ നടുക്ക് ആറ്റംബോംബ് സ്ഥാപിച്ച പോലെയുണ്ടെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സംവിധായകന്‍ രജ്ഞിപണിക്കര്‍ അഭിപ്രായപ്പെട്ടു. ബ്രഹ്മപുരത്ത് നടന്നത് കൊലപാതക ശ്രമമാണെന്നും 307ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ബ്രഹ്മപുരത്തിന് സമീപ പ്രദേശങ്ങളില്‍ ശ്വാസ് ക്ലിനിക്കുകള്‍ തുടങ്ങുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എല്ലാത്തിനും കാരണം അഴിമതിയോടുള്ള ചിലരുടെ സ്‌നേഹമാണെന്ന് നടന്‍ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മേയര്‍ക്കോ മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അറിയില്ലെന്ന് നടി രഞ്ജിനി പറഞ്ഞു.
നടി ഗ്രേസ് ആന്റണി പറയുന്നത് ഇങ്ങനെ- പത്ത് ദിവസമായി അനുഭവിക്കുകയാണ് ജനങ്ങള്‍. ശ്വാസം വിടാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ എത്തിച്ചത് നമ്മളൊക്കെ തന്നെയല്ലേ. എന്റെ കാര്യം തന്നെ പറയാം. പുക ആരംഭിച്ച മുതല്‍ എനിക്കും വീട്ടിലുള്ളവര്‍ക്കും ചുമ തുടങ്ങി. പിന്നെ ശ്വാസം മുട്ടലായി. കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന. 10 ദിവസമായി അനുഭവിക്കുകയാണ്...
അപ്പോള്‍ തീയണയ്ക്കാന്‍ പാടുപെടുന്ന അഗ്നിശമന സേനയുടെയും ബ്രഹ്മപുരത്തെ ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുത്. ദുരവസ്ഥ പരിഹരിക്കുന്നതിലും നല്ലത് അത് വരാതെ നോക്കുന്നതല്ലേ. എന്തു പ്രശ്‌നമുണ്ടായാലും പൊളിറ്റിക്കല്‍ കറക്ടറ്റ്‌നെസ് നോകുന്ന നമുക്ക് ഒന്നും പറയാനില്ലേ. അതോ 'പുകയടിച്ച് ബോധം കെട്ടോ'. ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസം മുട്ടിച്ചു കൊല്ലില്ലെന്ന ഉറപ്പാണ്. അതും പോയിക്കിട്ടി- ഗ്രേസ് ആന്റണി പറയുന്നു.
https://www.facebook.com/Malayalivartha