ബസിന് മുന്നിൽ അരിക്കൊമ്പന്റെ വിളയാട്ടം: ബസ് മുന്നോട്ടെടുക്കുന്നതിനിടെ പാഞ്ഞെത്തി മാർഗ്ഗതടസം സൃഷ്ടിച്ചു : ഭീതിവിട്ടകന്നത് സമീപത്തെ വനപ്രദേശത്തേയ്ക്ക് കടന്ന് പോയതോടെ....
ബസിന് മുന്നിൽ അരിക്കൊമ്പന്റെ വിളയാട്ടം. തമിഴ്‌നാട്ടിലെ മേഘമല- ചിന്നമന്നൂർ പാതയിൽ കൊമ്പൻ പാതയോരത്തിലൂടെ നടന്ന് പോവുകയായിരുന്നു. കടന്നുപോകാമെന്ന് കരുതി ഡ്രൈവർ ബസ് മുന്നോട്ടെടുക്കുമ്പോൾ ആന ബസിന് സമീപത്തെയ്ക്ക് പാഞ്ഞെത്തി. അൽപ്പനേരം ബസിന് മുന്നിൽ മാർഗ്ഗതടസം സൃഷ്ടിച്ച ശേഷം അരിക്കൊമ്പൻ ശാന്തനായി സമീപത്തെ വനപ്രദേശത്തേയ്ക്ക് കടന്ന് അപ്രത്യക്ഷനായി. ഇതോടെയാണ് വാഹനയാത്രക്കാരുടെ ഭീതി വിട്ടകന്നത്. ജനവാസ മേഖലയിൽ വീണ്ടും അരിക്കൊമ്പന്‍ എത്തിയിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് അരിക്കൊമ്പൻ വഴിയിൽ ഇറങ്ങിയത്. എന്നാല്‍ രാത്രി തന്നെ അരിക്കൊമ്പന്‍ തിരികെ കാട്ടിലേക്ക് മടങ്ങി.
നിലവിൽ വനത്തിനുള്ളിൽ ആണുള്ളതെന്നാണ് വനം വകുപ്പ് വിശദമാക്കുന്നത്. ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. അരിക്കൊമ്പൻ വിഷയത്തിൽ കേരളത്തിലെ ചില മാധ്യമങ്ങൾ ഇല്ലാക്കഥകൾ കെട്ടിച്ചമയ്ക്കുന്നത് -തമിഴ്‌നാട് അതിർത്തിയിൽ പരിഭ്രാന്തിയുണ്ടാക്കുന്നുവെന്ന വാദം കേരളം ഉയർത്തുന്നുണ്ട്. ഞായറാഴ്ച കേരള വനാതിർത്തിയിൽ മേഘമലയിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചത്. ഇവിടെ ആക്രമണം നടത്തിയതായി അധികൃതരുടെ റിപ്പോർട്ടിൽ ഇല്ല. എന്നാൽ, മേഘമല ജനവാസ കേന്ദ്രങ്ങളിൽ അരിക്കൊമ്പൻ ആക്രമണം നടത്തുന്നത് ജനങ്ങളെ ഭീതിപ്പെടുത്തുന്നതായി ചില മലയാള മാധ്യമങ്ങൾ നൽകിയ വാർത്ത അതേപടി ചില തമിഴ് മാധ്യമങ്ങളിലും വന്നത് പ്രശ്‌നം വഷളാക്കിയെന്നാണ് വാദം.
ഇതിനിടെയാണ് അരിക്കൊമ്പൻ ബസിന് നേരെ ആഞ്ഞടുക്കുന്ന ചിത്രം പുറത്തു വരുന്നത്. ബസ് യാത്രക്കാരിൽ ഒരാൾ ചിത്രീകരിച്ച സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മേഘമലയിൽ - ചിന്നമന്നൂർ പാതയിൽ മേഘമലയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് ബസ് യാത്രക്കാർ അരിക്കൊമ്പനെ കണ്ടതെന്നാണ് സൂചന. കഴുത്തിൽ കോളർ ഘടിപ്പിച്ചിട്ടുള്ളതിനാൽ അരിക്കൊമ്പനാണ് ബസ്സിന് മുന്നിലുള്ളതെന്ന് യാത്രക്കാർക്ക് മനസ്സിലായിരുന്നു.ഇതെത്തുടർന്നാണ് ഇവർ മൊബൈലിൽ വീഡിയോ പകർത്തിയത്.മേഘമലയ്ക്ക് സമീപമാണ് ഇപ്പോൾ അരിക്കൊമ്പൻ ഉള്ളതെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
തീറ്റയും വെള്ളവും സുലഭമായി ലഭിക്കുന്നതാണ് ഇവിടെ ആനക്കൂട്ടങ്ങൾ തമ്പടിക്കാൻ കാരണം. നിലവിൽ ഈ ഭാഗത്ത് തന്നെ അരിക്കൊമ്പൻ ചൂുറ്റിക്കറങ്ങുന്നതായിട്ടാണ് റേഡിയോ കോളറിൽ നിന്നും ലഭിച്ചിട്ടുള്ള സിഗ്‌നനലുകൾ പരിശോധിച്ചതിൽ നിന്നും വ്യക്തമായിട്ടുള്ളത്. അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ജനവാസമേഖലയിൽ ഇറങ്ങിയിട്ടും അതിന്റെ കഴുത്തിലെ റേഡിയോ കോളറിൽനിന്നുള്ള സിഗ്‌നൽ ലഭിക്കാത്തതിൽ കേരള വനംവകുപ്പിനെ തമിഴ്‌നാട് വിമർശിച്ചിരുന്നു.
പെരിയാർ കടുവാസങ്കേതത്തിലെ ഉന്നത ഉദ്യോഗസ്ഥരെ തമിഴ്‌നാട് ഇതിനോടകം ആശങ്ക അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ജനവാസമേഖലകളിൽ അരിക്കൊമ്പന്റെ സാന്നിധ്യം കണ്ടതോടെ വിനോദസഞ്ചരികൾക്ക് ഇങ്ങോട്ടുള്ള യാത്രയ്ക്ക് തമിഴ്‌നാട് സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ ആന, ജനവാസമേഖലകളിലേക്ക് ഇറങ്ങാതിരുന്നത് ആശ്വാസമായി. മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിൽ ആന ഉണ്ടെന്ന നിഗമനത്തിലാണ് തമിഴ്‌നാട് വനംവകുപ്പ്. കഴിഞ്ഞ ദിവസം അരിക്കൊമ്പനെത്തിയ സ്ഥലങ്ങളെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. കേരളത്തില്‍ ആളുകളെ കൊന്നിട്ടുള്ള പശ്ചാത്തലമുള്ള അരിക്കൊമ്പനെക്കുറിച്ച് തേനി കളക്ടര്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മേഘമല ഭാഗത്ത് അരിക്കൊമ്പനെ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇത്. തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പന്‍റെ സഞ്ചാരം നിരന്തമായി വിലയിരുത്തുന്നുണ്ട്. അരിക്കൊമ്പന്‍ തമിഴ്നാട്ടിലും ശല്യക്കാരനാവാതിരിക്കാനുള്ള നിരവധി മുന്‍കരുതല്‍ മാര്‍ഗങ്ങളും മേഖലയില്‍ അവലംബിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റ് ഭാഗത്ത് 20ഓളം പൊലീസുകാരെയും മേഘമല ഭാഗത്ത് 20 പൊലീസുകാരേയും ഇതിനോടകം തമിഴ്നാട് വിന്യസിച്ചിട്ടുണ്ട്. ഗൂഡല്ലൂര്‍, കമ്പം, ചിന്നമനൂര്‍ വനപാലകരുടെ നേതൃത്വത്തില്‍ മൂന്ന് സംഘമായാണ് അരിക്കൊമ്പന്‍റെ നീക്കങ്ങള്‍ രാത്രിയും പകലും തമിഴ്നാട് നിരീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha