പരിചയം പ്രണയമായി, കൈമാറിയ കത്തുകൾ അർജ്ജുന്റെ കൈയിൽ ഇന്നും ഭദ്രം: അർജ്ജുൻ നൽകിയ ഫോണും പ്രണയവും വീട്ടിൽ അറിഞ്ഞതോടെ യുവാവിന്റെ വീട്ടിൽ പിതാവ് എത്തി: മകൻ ഗൾഫിൽ പോകുന്നെന്നും ഇനി ശല്യം ഉണ്ടാവില്ലെന്നും ഉറപ്പ് നൽകിയത് അർജ്ജുന്റെ അച്ഛൻ; ട്യുഷന് പോയി വരുമ്പോൾ അർജ്ജുൻ തന്നെ കണ്ട കാര്യം വീട്ടിൽ അറിയിച്ചത് രാഖിശ്രീ...
എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയതിനു പിന്നാലെ ചിറയിൻകീഴിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാഖിശ്രീയെ പിന്നാലെ നടന്ന് ശല്യം ചെയ്തുവെന്ന് ആരോപണം ഉയർന്ന യുവാവിന്റെ കുടുംബം ഇരുവരും, പ്രണയത്തിലായിരുന്നുവെന്ന് തെളിക്കുന്ന തെളിവുകളുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരും പറയുന്നത്.
മരണത്തിനു തൊട്ടുമുൻപു വരെ എല്ലാപേരോടും ചിരിച്ചു കളിച്ച് ഇടപെട്ട് നടന്നിരുന്ന പെൺകുട്ടി എങ്ങനെ ആത്മഹത്യ ചെയ്തുവെന്ന ചോദ്യമാണ് വീട്ടുകാർ ഉയർത്തുന്നതും. ഒരു വർഷത്തിനു മുൻപാണ് ചിറയിൻകീഴ് ശാരദവിലാസം സ്കൂളിലെ വിദ്യാർത്ഥിനിയായ രാഖിശ്രീ അർജുനുമായി പരിചയപ്പെടുന്നത്. അന്ന് സ്കൂളിൽ നെെപുണ്യ വികസന പദ്ധതിയുടെ ഭാഗമായ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആ പാരിപാടിയിൽ വാളണ്ടിയറായിരുന്നു അർജുൻ.
അവിടെ വച്ചാണ് അർജുനും രാഖിശ്രീയും തമ്മിൽ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു എന്നാണ് വിവരം. ഇതിനിടയിൽ കത്തുകൾ കെെമാറ്റം ചെയ്യാൻ ആരംഭിച്ചു. ഈ കത്തുകൾ ഇപ്പോഴും അർജുൻ്റെ പക്കൽ ഭദ്രമായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അർജുൻ്റെ സഹോദരിയും വെളിപ്പെടുത്തിയിരുന്നു. പിന്നീട് അർജുൻ പെൺകുട്ടിക്ക് ഫോൺ വാങ്ങി നൽകുകയായിരുന്നു എന്നാണ് വിവരം. അതിനുശേഷം ഇരുവരും തമ്മിൽ ഫോണിലൂടെയായി സംസാരം.
ഇതിനിടയിൽ പ്രണയം പെൺകുട്ടിയുടെ വീട്ടിൽ അറിയുകയായിരുന്നു. കത്തും ഫോണും ഉൾപ്പെടെ പെൺകുട്ടിയിൽ നിന്ന് പിതാവ് കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത കത്തിൽ ഫോൺ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും തന്നെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ തൻ്റെ സഹോദരിയേയോ അമ്മയേയോ വിളിക്കണമെന്നും യുവാവ് പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു. തുടർന്ന് ഈ കത്തുകളും ഫോണുമായി രാഖിശ്രീയുടെ പിതാവ് യുവാവിൻ്റെ പിതാവിനെ പോയി കണ്ടു. ഇരുവരും തമ്മിൽ വളരെ മാന്യമായ രീതിയിൽ ഈ വിഷയം സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് മകൻ ഗൾഫിലേക്ക് പോവുകയാണെന്നും ഇനി അവൻറെ ശല്യം ഉണ്ടാകില്ലെന്നും യുവാവിൻ്റെ പിതാവ് രാഖിശ്രീയുടെ വീട്ടുകാർക്ക് ഉറപ്പു നൽകുകയായിരുന്നു.
തുടർന്ന് രാഖിശ്രീ സാധാരണ പോലെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും എസ്എസ്എൽസി പരീക്ഷ എഴുതുകയും ചെയ്തു. റിസൾട്ട് വരുന്നതിനു മുൻപ് തന്നെ പെൺകുട്ടി പ്ലസ് വൺ ട്യൂഷന് പോയി തുടങ്ങിയിരുന്നു. മെയ് മാസം 16ന് ട്യൂഷൻ കഴിഞ്ഞു വരുന്ന വഴി ആറ്റിങ്ങൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ വച്ച് പെൺകുട്ടിയെ യുവാവ് കണ്ടുമുട്ടുകയായിരുന്നു. അതിനുശേഷം വീട്ടിലെത്തിയ പെൺകുട്ടി അച്ഛനോട് ഇക്കാര്യം പറഞ്ഞുവെന്നാണ് വിവരം. തന്നെ വിവാഹം കഴിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടെന്നും പെൺകുട്ടി പിതാവിനോട് പറഞ്ഞിരുന്നു എന്നും പറയപ്പെടൃന്നു.
തുടർന്ന് പിതാവ് പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായി ബന്ധപ്പെടുകയും അദ്ദേഹം പെൺകുട്ടിയുമായി സംസാരിക്കുകയും ചെയ്തു. യുവാവിൻ്റെ ഇടപെടൽ പ്രശ്നമാണെങ്കിൽ നമുക്ക് കേസ് കൊടുക്കാം എന്നും അദ്ദേഹം പെൺകുട്ടിക്ക് വാക്കു നൽകിയിരുന്നു. എന്നാൽ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നമുക്ക് കേസ് കൊടുക്കാമെന്ന് പെൺകുട്ടിയും ഉറപ്പു പറഞ്ഞു. റിസൾട്ട് വന്നു കഴിഞ്ഞിട്ടു അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ പറയാമെന്നാണ് പെൺകുട്ടി പറഞ്ഞത്.
റിസൾട്ട് വന്ന ദിവസം വളരെ സന്തോഷവതി ആയിരുന്നു രാഖിശ്രീ. അയൽക്കാർക്കും കൂട്ടുകാർക്കുമൊക്കെ വിജയം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ലഡു ഉൾപ്പെടെ പെൺകുട്ടി വിതരണം ചെയ്തിരുന്നു. പിറ്റേദിവസം സ്കൂളിൽ എത്തിയ പെൺകുട്ടി ടീച്ചർമാരെ കാണുകയും അവർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് അധ്യാപകരുമായി ഫോട്ടോയും എടുത്തു. അതിനുശേഷം വീട്ടിലെത്തിയ പെൺകുട്ടി വൈകുന്നേരം അഞ്ചുമണിയായപ്പോൾ അമ്മയോട് കുളിക്കാൻ പോവുകയാണെന്ന് പറഞ്ഞു. `മോളു പോയി കുളിച്ചിട്ടു വാ´ എന്നു പറഞ്ഞ് അമ്മ മുറ്റമടിക്കാൻ പോയി. മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടും പെൺകുട്ടി കുളിച്ചിട്ടു വരാത്തതിനെ തുടർന്നാണ് മാതാവ് കുളിമുറിയിൽ ചെന്ന് നോക്കിയത്.
ഈ സമയത്താണ് കിണറിൽ കെട്ടുന്ന പ്ലാസ്റ്റിക് കയറി പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻതന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വളരെ സന്തോഷവതിയായിരുന്നു പെൺകുട്ടിയെന്നും അതിനിടയിലാണ് മരണം നടന്നതെന്നും വീട്ടുകാർ പറയുന്നു ഇതിനിടയിൽ എന്താണ് സംഭവിച്ചതെന്നാറിയില്ല. യുവാവിനെ ചോദ്യം ചെയ്യുകയും ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്താൽ രാഖിശ്രീയുടെ മരണത്തിൻ്റെ യഥാർത്ഥ കാരണം അറിയാൻ കഴിയുമെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ വാദം.
https://www.facebook.com/Malayalivartha