നടന്നത് വമ്പൻ പ്ലാനുകൾ: മഹേഷ് കൊല്ലാൻ ലക്ഷ്യമിട്ടിരുന്നത് മൂന്ന് പേരെ... അഞ്ച് വർഷത്തിനിടെ ആനക്കൂട്ടിൽ വീട്ടിൽ മുമ്പും അസ്വാഭാവിക മരണങ്ങൾ
പുന്നമ്മൂട്ടിൽ ആറ് വയസ്സുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ശ്രീമഹേഷ് കൊല്ലാൻ ലക്ഷ്യമിട്ടത് മൂന്നുപേരെയെന്ന് പൊലീസ്. മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്നാണ് സൂചന. പുനര്‍വിവാഹത്തിനായി ശ്രമിച്ചിരുന്ന ശ്രീ മഹേഷിന്റെ വിവാഹം ഒരു വനിതാ കോണ്‍സ്റ്റബിളുമായി ഉറപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അതിനുശേഷം ശല്യം തുടർന്നതോടെ ശ്രീമഹേഷിനെതിരേ പോലീസ് കേസെടുത്തിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച മഴു ഉണ്ടാക്കിയത് മാവേലിക്കരയിലാണ്.
ശ്രീമഹേഷ് കൗൺസിലിങ്ങിന് വിധേയനായെന്നും പൊലീസ് സംശയിക്കുന്നു. അതേ സമയം ജയിലിൽ ആത്മത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്നു ചികിത്സയിൽ കഴിയുകയാണ് പ്രതി ശ്രീമഹേഷ്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തിരുന്നു.സബ് ജയിലിലെ വാറണ്ട് മുറിയിൽ വെച്ച് അധികൃതർ രേഖകൾ ശരിയാക്കുന്നതിനിടെ മേശപ്പുറത്തുണ്ടായിരുന്ന പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തിലും കൈയിലും മുറിവുകൾ ഉണ്ടാക്കുകയായിരുന്നു. കഴുത്തിന്റെ വലത് ഭാഗത്തും ഇടതുകൈയിലുമാണ് മുറിവുകളുള്ളത്.
കഴുത്തിലെ ആഴത്തിലുള്ള മുറിവു കാരണം ഞരമ്പിനു തകരാറു സംഭവിച്ചതായി മാവേലിക്കര ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു. പരിക്ക് ഗുരുതരമായതിനാൽ ഇയാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പുന്നംമൂട് ചന്തയ്ക്ക് കിഴക്ക് ഭാഗത്തുള്ള ചെല്ലപ്പൻ എന്നയാളിനെ കൊണ്ടാണ് നക്ഷത്രയെ കൊല്ലാനുള്ള മഴു പണിയിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. നക്ഷത്രയുടെ സംസ്കാരം വൈകിട്ട് മൂന്നിന് മാതാവിന്റെ വസതിയായ പത്തിയൂർ തൃക്കാർത്തികയിൽ നടക്കും. ഇന്നലെ രാവിലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
നക്ഷത്രയുടെ മാതാവ് വിദ്യ മൂന്ന് വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. അമ്മയെ അടക്കിയത് ഇവിടെയാണ്.അപ്പൂപ്പൻ ലക്ഷ്മണനും അമ്മൂമ്മ രാജശ്രീയുമാണ് ഇപ്പോൾ ഇവിടെ താമസം. അമ്മാവൻ വിഷ്ണുവിന് ഗൾഫിലാണ് ജോലി. ഇന്ന് നാട്ടിലെത്തും. അതേ സമയം ശ്രീമഹേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യാ സഹോദരൻ വിഷ്ണു രംഗത്ത് എത്തി.
സഹോദരി വിദ്യ ആത്മഹത്യ ചെയ്തത് ശ്രീമഹേഷിന്റെ പീഡനം മൂലമാണെന്നും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുമെന്നും വിഷ്ണു പറയുന്നു. വിദ്യയെ മാനസികമായും ശാരീരികമായും മഹേഷ് ഉപദ്രവിച്ചിരുന്നുവെന്നും ഇയാൾക്കെതിരെ മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് വിഷ്ണു വ്യക്തമാക്കി.
സംഭവം നടന്ന വീട്ടിൽ പൊലീസ് തെളിവെടുപ്പു നടത്തി. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് കാത്തുനിന്ന നൂറുകണക്കിനു നാട്ടുകാർ രൂക്ഷമായി പ്രതിഷേധിച്ചു. സ്ത്രീകൾ ശ്രീമഹേഷിനെതിരെ ശാപവാക്കുകൾ പറഞ്ഞു. തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ ജയിലിൽ എത്തിച്ചപ്പോഴായിരുന്നു ആത്മഹത്യാ ശ്രമം.ബുധനാഴ്ച രാത്രി ഏഴരയോടെയാണു നക്ഷത്ര കൊല്ലപ്പെട്ടത്. നക്ഷത്രയുടെ നിലവിളി കേട്ടു സമീപത്ത് മകളുടെ വീട്ടിൽ താമസിക്കുന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദ ഓടിയെത്തിയപ്പോൾ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയാണ് കണ്ടത്. നിലവിളിച്ചു പുറത്തേക്കോടിയ സുനന്ദയെയും ശ്രീമഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈക്കും തലയ്ക്കും വെട്ടേറ്റു.
ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരുന്ന സുനന്ദയെ ഇന്നലെ തിരികെ വീട്ടിലെത്തിച്ചു.തന്റെ സുഖജീവിതത്തിനു മകൾ തടസ്സമാകുമെന്ന ചിന്തയിലാണു ശ്രീമഹേഷ് നക്ഷത്രയെ കൊലപ്പെടുത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മാതാവ് സുനന്ദയോടും ശ്രീമഹേഷിനു വിരോധമുണ്ടായിരുന്നെന്നു പ്രഥമ വിവര റിപ്പോർട്ടിലുണ്ട്.
മകളെ കൊലപ്പെടുത്തിയതു ശ്രീമഹേഷ് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നു പ്രാഥമിക നിഗമനം. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തിയ ശ്രീമഹേഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ തടിച്ചുകൂടിയ ജനക്കൂട്ടം രോഷം പ്രകടിപ്പിച്ചു. അവരോട്, ‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു, അതിനു നിങ്ങൾക്കെന്താ’ എന്നാണു ശ്രീമഹേഷ് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha