നാല് വർഷം മുമ്പ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യയുടെ മരണത്തിൽ പുനരന്വേഷണം ആരംഭിച്ചു: അന്വേഷണം ആറുവയസ്സുകാരിയെ, മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ മഹേഷ്, ഭാര്യയെയും കൊലപ്പെടുത്തിയതാകാമെന്ന ബന്ധുക്കളുടെ പരാതിയിൽ:- ആത്മഹത്യയ്ക്ക് ശ്രമിച്ച്, ചികിത്സയിൽ കഴിയുന്ന പ്രതിയെ കഴുത്തിലെ തുന്നൽ എടുത്ത ശേഷം ജയിലിൽ എത്തിച്ച് ചോദ്യം ചെയ്യും...

ആറുവയസ്സുകാരിയെ അച്ഛൻ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ, നാല് വർഷം മുമ്പ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വിദ്യയുടെ മരണത്തിൽ പുനരന്വേഷണം ആരംഭിച്ചു. 2019 ജൂൺ നാലിന് രാത്രിയിലാണ് നക്ഷത്രയുടെ 'അമ്മ വിദ്യയെ പ്രതിമഹേഷിന്റെ മാവേലിക്കര പുന്നമൂട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാൽ, മകളെ പ്രതി മഹേഷ് കൊലപ്പെടുത്തിയതിനു പിന്നാലെ, വിദ്യയും കൊല്ലപ്പെട്ടതാണെന്ന സംശയം ഉന്നയിച്ച് വിദ്യയുടെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു.
ഇതിലാണ് പുതിയ അന്വേഷണം. വിദ്യയുടെ മരണത്തിലേക്കു നയിച്ച കാരണങ്ങളാണു പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. വിദ്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ഫയലുകൾ പൊലീസ് ശേഖരിച്ചു. വിദ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറെ കണ്ടു വീണ്ടും വിവരങ്ങൾ അന്വേഷിക്കും. അന്നു കേസിൽ മൊഴി നൽകിയവരെ വീണ്ടും കണ്ടു മൊഴി ശേഖരിക്കും.
ശ്രീമഹേഷിനെയും വീട്ടുകാരെയും ഒരു മുറിയിലാക്കി വെളിയിൽ നിന്നു കതക് കുറ്റിയിട്ട ശേഷം വിദ്യ ആത്മഹത്യ ചെയ്തെന്നാണു നാട്ടുകാരോടു ശ്രീമഹേഷിന്റെ വീട്ടുകാർ പറഞ്ഞത്. ആത്മഹത്യയാണെന്നു ബോധ്യപ്പെട്ടതിനാലും മറ്റ് പരാതികൾ ഇല്ലാത്തതിനാലും അന്വേഷണത്തിൽ തുടർനടപടി ഉണ്ടായില്ല.മകൾ നക്ഷത്രയെ ശ്രീമഹേഷ് ക്രൂരമായി കൊലപ്പെടുത്തിയതോടെയാണു വിദ്യയുടെ മരണം പീഡനം മൂലമാണെന്ന പരാതി ശക്തമായത്.
ഇതു സംബന്ധിച്ചു വിദ്യയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പുനരന്വേഷണമെന്നു സിഐ: സി.ശ്രീജിത് പറഞ്ഞു. ജയിലിൽ എത്തിച്ചപ്പോൾ കഴുത്തിലും കയ്യിലും മുറിവുണ്ടാക്കി ആത്മഹത്യയ്ക്കു ശ്രമിച്ച ശ്രീമഹേഷ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെല്ലിലാണ്.
ശ്രീമഹേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴുത്തിലെ തുന്നൽ എടുത്ത ശേഷമേ ജയിലിലേക്കു തിരികെ വിടൂ എന്നറിയുന്നു. ശ്രീമഹേഷിനെ ജയിലിലേക്കു മാറ്റിയ ശേഷം അവിടെയെത്തി ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി വാങ്ങാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.
ആത്മഹത്യാ പ്രവണത പുലർത്തുന്നയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ടെന്നാണു വിവരം. 2013 ഒക്ടോബർ 17നായിരുന്നു വിദ്യയും ശ്രീമഹേഷുമായുള്ള വിവാഹം. ഗൾഫിൽ നഴ്സാണെന്നു പറഞ്ഞാണ് ശ്രീമഹേഷ്, ബി.എസ്‌സി ബി.എഡുകാരിയായ വിദ്യയെ വിവാഹം ചെയ്തത്. 101 പവനും പണവുമുൾപ്പെടെ സ്ത്രീധനവും വാങ്ങി.
തുടർന്ന് ഗൾഫിൽ പോയ ശ്രീമഹേഷ് ഒരു വർഷത്തിനകം തിരിച്ചെത്തി. സുന്ദരി മോൾ എന്നായിരുന്നു വിദ്യയെ അടുപ്പക്കാർ വിളിച്ചിരുന്നത്. ആ വീട്ടിൽ സുന്ദരിമോൾ സേഫ് ആകുമെന്ന കുടുംബത്തിന്റെ വാക്ക് നെഞ്ചിൽ തറച്ചതായിരുന്നു. ഇതോടെ മഹേഷിന്റെ ക്രൂരതകൾ വിദ്യ ഉള്ളിൽ ഒതുക്കി എന്ന് പിതാവ് പറയുന്നു. പലചരക്ക് വ്യാപാരിയായ പത്തിയൂർ വില്ലേജ് ഓഫീസിന് സമീപം തൃക്കാർത്തികയിൽ ലക്ഷ്മണന്റെയും വീട്ടമ്മയായ രാജശ്രീയുടെയും രണ്ട് മക്കളിൽ ഇളയവളായിരുന്നു വിദ്യ.
പിതാവിന്റെ ആശ്രിത പെൻഷനിൽ കഴിഞ്ഞ ശ്രീമഹേഷ് മദ്യപാനിയായിരുന്നു. മദ്യലഹരിയിൽ വിദ്യയെ മർദ്ദിച്ചിരുന്നു. പലപ്പോഴും പിണങ്ങി വീട്ടിൽ എത്തിയിരുന്നെങ്കിലും വിദ്യ കുടുംബത്തിൽ നിന്ന് പലതും മറച്ചുവയ്ക്കുകയായിരുന്നു. അന്നേ വിദ്യ പീഡനം തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഈ ബന്ധം വേർപ്പെടുത്തുമായിരുന്നെന്ന് കുടുംബം പറയുന്നു. അമ്മയെ നഷ്ടപെട്ട കുഞ്ഞിന് അച്ഛനെങ്കിലും വേണമെന്ന ഒരു ചിന്തയാണ് കുടുംബത്തെ മഹേഷിനെതിരെ കേസ് നൽകുന്നതിൽ നിന്ന് പിന്തിരിച്ചത്. അച്ഛൻ പ്രതിയായാൽ അത് കുഞ്ഞിന്റെ ഭാവിയെ തകർക്കുമെന്ന് കരുതി എല്ലാം ക്ഷമിച്ചത് ഇന്ന് കുഞ്ഞിന്റെ ജീവൻ തന്നെ എടുത്തെന്ന് വേദനയുടെ വിദ്യയുടെ മാതാപിതാക്കൾ പറയുന്നു.
ശ്രീമഹേഷും വിദ്യയുമായി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നെന്നും അതൊന്നും തങ്ങളെ അറിയിച്ചിരുന്നില്ലെന്നും വിദ്യയുടെ സഹോദരൻ വിഷ്ണുവും പ്രതികരിക്കുന്നു. ‘‘സംഭവ ദിവസം രാത്രി സൗദിയിലുള്ള എന്നെ ഫോണിൽ വിളിച്ച് വിദ്യ ശ്രീമഹേഷുമായി വഴക്കുണ്ടായ കാര്യം പറഞ്ഞിരുന്നു. പിറ്റേന്നു തന്നെ അമ്മയെ അങ്ങോട്ടേക്ക് അയയ്ക്കാമെന്നു ഞാൻ പറഞ്ഞു. അൽപം കഴിഞ്ഞപ്പോൾ അമ്മയ്ക്ക് ശ്രീമഹേഷിന്റെ ഫോൺ വന്നു. തന്നെയും അമ്മയെയും കുഞ്ഞിനെയും മുറിക്കകത്താക്കി വിദ്യ പുറത്തുനിന്നു പൂട്ടിയെന്നും എന്തോ കുഴപ്പമുണ്ടെന്നും ഉടൻ വരണമെന്നുമാണു പറഞ്ഞത്.
അമ്മയും ബന്ധുവും കൂടി അപ്പോൾ തന്നെ മാവേലിക്കരയ്ക്കു പോയി. വീടിന്റെ കതക് പൊളിച്ച് അകത്തു കടന്നപ്പോൾ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ വിദ്യയെ കണ്ടെത്തി. മറ്റുള്ളവരെ മുറിയിൽ പൂട്ടിയിട്ട നിലയിലായിരുന്നു. അന്ന് ആ മരണം സംബന്ധിച്ചു സംശയമൊന്നും തോന്നിയില്ല. പക്ഷേ പല വിവരങ്ങളും ഞങ്ങളിൽ നിന്നു മറച്ചുവച്ചിട്ടുണ്ട്. ഇപ്പോൾ കുഞ്ഞിനെ കൊലപ്പെടുത്തിയതോടെ സംശയം കൂടിയാതായി വിഷ്ണു പറയുന്നു.
https://www.facebook.com/Malayalivartha