നാളെ ഈ സമയത്ത് മോള്‍ മറ്റൊരു വീട്ടിലായിരിക്കും: മോള് ഭാര്യ എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് നന്നായി ജീവിക്കണം... നവവധുവായി അണിഞ്ഞൊരുങ്ങുന്നത് കാണാന്‍ യോഗമില്ലാതെ, രാജു...
വര്‍ക്കല വടശ്ശേരിക്കോണത്ത് വിവാഹദിനത്തില്‍ സംഭവിച്ച കൊടും ക്രൂരത മനുഷ്യ മനഃസാക്ഷിയെ നടക്കുന്നതാണ്. ശ്രീലക്ഷ്മി മാംഗല്യമണിയുന്നതിന് തൊട്ടുമുന്‍പാണ് രാജു അരുംകൊലയ്ക്കിരയായത്. അര്‍ദ്ധരാത്രി വീട്ടിലെത്തിയ വടശേരിക്കോണം ജെ.ജെ. പാലസില്‍ ജിഷ്ണു(26), സഹോദരന്‍ ജിജിന്‍(25), സുഹൃത്തുക്കളായ വടശേരിക്കോണം മനുഭവനില്‍ മനു(26), കെ.എസ്.നന്ദനത്തില്‍ ശ്യാംകുമാര്‍(26) എന്നിവര്‍ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ചുകൊല്ലുകയായിരുന്നു. എതിര്‍ക്കാന്‍ ശേഷിയുള്ള ആരും വീട്ടിലില്ലെന്ന് ഉറപ്പിച്ചാണ് പ്രതികളെത്തിയത്. ആക്രമണത്തിന് തൊട്ട് മുമ്പ് ശ്രീലക്ഷ്മിക്ക് സ്നേഹ ചുംബനം നല്‍കി അച്ചന്‍ പറഞ്ഞത്... നാളെ ഈ സമയത്ത് മോള്‍ മറ്റൊരു വീട്ടിലായിരിക്കും, മോള് ഭാര്യ എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് നന്നായി ജീവിക്കണം... എന്നായിരുന്നു.
എന്നാല്‍ നവവധുവായി അണിഞ്ഞൊരുങ്ങുന്നത് കാണാന്‍ ആ പിതാവിനോ മകള്‍ക്കോ യോഗമുണ്ടായില്ലെന്ന് മാത്രം. വിവാഹത്തിനായി ഒരുക്കിയ പന്തലില്‍ രാജുവിന്റെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ തീരാനോവായി. അച്ഛന് മകള്‍ നല്‍കിയ അന്ത്യചുംബനം കണ്ടുനിന്നവരെയും കരയിച്ചു. മൃതദേഹത്തില്‍ പൂക്കള്‍ വിതറി തുരുതുരെ ഉമ്മവച്ചു. തളര്‍ന്നുവീണ ശ്രീലക്ഷ്മിയെ ആശ്വസിപ്പിക്കാന്‍ ചുറ്റുമുള്ളവര്‍ക്കാര്‍ക്കും സാധിച്ചില്ല.
ഒരെണ്ണത്തിനെയും വച്ചേക്കരുത്. കൊല്ലണം' എന്നാക്രോശിച്ചാണ് പ്രതികള്‍ അഴിഞ്ഞാടിയത്. മരക്കമ്പുകള്‍ ഉപയോഗിച്ചാണ് ശ്രീലക്ഷ്മിയെ മര്‍ദ്ദിച്ചത്. ഇത് തടഞ്ഞതോടെ തടിക്കഷ്ണങ്ങളും പ്ലാസ്റ്റിക്ക് കസേരകളും ഉപയോഗിച്ച് രാജുവിനെയും ഭാര്യയെയും ആക്രമിച്ചു. ജിഷ്ണുവും ജിജിനും മനുഷ്യമൃഗങ്ങളെ പോലെ അഴിഞ്ഞാടിയെന്ന് രാജുവിന്റെ സഹോദരീ പുത്രി ഗുരുപ്രിയ പൊലീസിന് മൊഴിനല്‍കി.
ഒരാള്‍ തീര്‍ന്നെന്ന് പറഞ്ഞാണ് മടങ്ങിയത്. രാജുവിനെയും വീട്ടുകാരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ കാറിനെയും സംഘം പിന്തുടര്‍ന്നെത്തി. രാജു മരിച്ചെന്ന് ഉറപ്പായതോടെ മുങ്ങി. റോഡരികില്‍ നിന്ന് മനുവിനെയും ശ്യാമിനെയും ആദ്യം പിടികൂടി. സമീപത്തെ കെട്ടിടത്തില്‍ ഒളിച്ച ജിഷ്ണുവിനെയും ജിജിനെയും പിന്നാലെ പിടികൂടുകയായിരുന്നു.
പ്രദേശത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റിന്റെ ബാഗ് തട്ടിയെടുത്ത കേസില്‍ ജിജിന്‍ ഒന്നാം പ്രതിയാണ്. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മുതല്‍ പ്രതികള്‍ രാജുവിന്റെ വീടിനടുത്ത് വലിയവിളാകം ദേവീക്ഷേത്രത്തിന് സമീപം ചുറ്റിപ്പറ്റി നില്‍പ്പുണ്ടായിരുന്നു. ബന്ധുക്കളും നാട്ടുകാരും രാത്രി മടങ്ങി. വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രിഷ്യനായ രാജുവിന്റെ മകന്‍ ശ്രീഹരി വിവാഹത്തിനെത്തിയ കൊല്ലത്തുള്ള സുഹൃത്തുക്കളെ വര്‍ക്കലയിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി. ഇതെല്ലാം പ്രതികള്‍ നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് കാറില്‍ കല്യാണ വീട്ടിലെത്തി ആക്രമിച്ചതും കൊല നടത്തിയതും.
പ്രതികളെല്ലാം ലഹരിക്ക് അടിമകളാണെന്ന് നാട്ടുകാര്‍ പറഞ്ഞു. എല്ലാവരോടും തട്ടിക്കയറുന്ന സ്വഭാവക്കാരാണ് ജിഷ്ണുവും സഹോദരനും. ഇരുവരും പണിക്കൊന്നു പോകാറില്ല. രാത്രിയായാല്‍ പ്രദേശം ഇവരുള്‍പ്പെട്ട സംഘത്തിന്റെ നിയന്ത്രണത്തിലാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉന്മാദത്തില്‍ എന്തും കാണിക്കാന്‍ മടിക്കാത്ത ഇവര്‍ക്കിടയിലൂടെ വഴിനടക്കാന്‍ പോലും സ്ത്രീകള്‍ക്ക് ഭയമാണ്. വടശേരിക്കോണം ഭാഗത്ത് സമീപകാലത്തായി ലഹരി യഥേഷ്ടം എത്തുന്നതായും അതിന്റെ ഒടുവിലത്തെ ദുരന്തമാണ് രാജുവിന്റെ കൊലപാതകമെന്നും പൊതുപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.
രണ്ട് വര്‍ഷം മുമ്പായിരുന്നു ജിഷ്ണു ശ്രീലക്ഷ്മിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ഒറ്റക്കെത്തിയും കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയും മൂന്ന് തവണയായിരുന്നു അഭ്യര്‍ത്ഥന നടത്തിയത്. ശ്രീലക്ഷ്മി അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഇനി ശ്രീലക്ഷ്മിക്ക് ഒരു വിവാഹം ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് അന്ന് ജിഷ്ണു ഭീഷണിപ്പെടുത്തിയിരുന്നു. വെള്ള ഫോക്സ് വാഗണ്‍ കാറിലാണ് പ്രതികള്‍ വീട്ടുമുറ്റത്തെത്തിത്. കാറില്‍ ഉച്ചത്തില്‍ പാട്ടും വച്ചു. ഇത് കേട്ട് പുറത്തിറങ്ങിയ രാജുവിന്റെ ഭാര്യ ജയയെയും ശ്രീലക്ഷ്മിയെയും സംഘം ആക്രമിച്ചു.
ജിഷ്ണു ശ്രീലക്ഷ്മിയെ അടിച്ചുവീഴ്ത്തി മുഖം തറയിലുരച്ചു. ഇതു കണ്ടെത്തിയ രാജുവിനെയും അടിച്ചു വീഴ്ത്തി. ഇവരുടെ നിലവിളികേട്ട് തൊട്ടടുത്ത വീട്ടിലുള്ള രാജുവിന്റെ സഹോദരീ ഭര്‍ത്താവ് ദേവദത്തനും മകള്‍ ഗുരുപ്രിയയും ഓടിയെത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവരെയും മര്‍ദ്ദിച്ചു. ആദ്യം ദേവദത്തനെയും പിന്നാലെ രാജുവിനെയും മണ്‍വെട്ടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അയല്‍വാസികളെത്തി വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രാജു മരിച്ചിരുന്നു. രാജുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകിട്ട് നാലോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha