മുഴു പട്ടിണിയിൽ! ജിഷയുടെ മരണ ശേഷം സർക്കാർ വച്ച് നൽകിയ വീടും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായി:- ട്രാഫിക് വാർഡന്റെ ജോലി ആവശ്യപ്പെട്ട് ആലുവയിൽ ഗതാഗതം നിയന്ത്രിച്ച് രാജേശ്വരി
ട്രാഫിക് വാർഡൻറെ ജോലി ആവശ്യപ്പെട്ട് ആലുവയിൽ ഗതാഗതം നിയന്ത്രിച്ച് ജിഷയുടെ അമ്മ രാജേശ്വരി. കഴിഞ്ഞ ദിവസം ആലുവ പാലസ് റോഡിൽ എത്തിയാണ് റോഡിലെ ഗതാഗതം നിയന്ത്രിച്ചത്. രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ തോളിൽ ബാഗ് തൂക്കി സാരിയുടുത്ത് ഒരു സ്ത്രീ ഗതാഗതം നിയന്ത്രിക്കുന്നത് കണ്ടതോടേയാണ് റോഡിലൂടെ പോയ യാത്രക്കാരും സംഭവം ശ്രദ്ധിച്ചത്. പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി തനിക്ക് ജീവിക്കാൻ ട്രാഫിക് വാർഡൻറെ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് ഗതാഗതം നിയന്ത്രിച്ചു.
സർക്കാർ തന്നെ തിരിഞ്ഞു നോക്കുന്നില്ല. ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ വകയില്ല. ട്രാഫിക്ക് വാർഡൻറെ ജോലി തനിക്ക് ഏറെ ഇഷ്ടമാണ്. വർഷങ്ങളായി തനിക്ക് ജോലിയില്ലെന്നും കുറച്ച് നാൾക്ക് മുൻപ് ഹോം നഴ്സായി ചെയ്തിരുന്നതായും എന്നാൽ കിട്ടുന്ന ജോലി അധികനാൾ ഉണ്ടാവില്ലെന്നും രാജേശ്വരി പറയുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കാൻ പോലും തനിക്ക് പണം ഇല്ല. ജിഷയുടെ മരണ ശേഷം രാജേശ്വരിക്ക് സർക്കാർ വീട് വച്ച് നൽകിയിരുന്നു. ഇതും ഇടിഞ്ഞ് വീഴാറായിയെന്നാണ് ഇവർ പറയുന്നത്. വീടിനോട് ചേർന്നുള്ള ബാത്റൂം നിലംപൊത്തിയ സാഹചര്യമാണെന്നും രാജേശ്വരി പറയുന്നു.
മൂത്ത മകൾക്ക് റവന്യു വകുപ്പിൽ സർക്കാർ ജോലി നൽകിയിരുന്നു. എന്നാൽ, മകളും ഭർത്താവും ഇവർക്കൊപ്പമല്ല താമസം. 2016 ഏപ്രിൽ 28 നാണ് ഇവരുടെ മകളും നിയമവിദ്യാഥിനിയുമായ ജിഷ കൊല്ലപ്പെട്ടത്. ജിഷയുടെ കൊലപാതകത്തെ തുടർന്ന് ഇവർ താമസിച്ചിരുന്ന വീടിൻറെ ശോചനീയാവസ്ഥ കണ്ട് രാജേശ്വരിക്ക് സഹായവുമായി നിരവധി പേർ എത്തിയിരുന്നു. 2016 മെയ് മുതൽ 2019 സെപ്തംബർ വരെയുള്ള കാലയളവിൽ രാജേശ്വരിയുടെയും എറണാകുളം ജില്ലാ കലക്ടറുടെയും പേരിലുള്ള ജോയിൻറ് അക്കൗണ്ടിൽ 40,31,359 രൂപ ലഭിച്ചിരുന്നു.
ഇതിൽ 11.5 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് രാജേശ്വരിക്ക് വീട് നിർമിച്ച് നൽകിയത്. രാജേശ്വരിയുടേയും ജില്ലാ കലക്ടറുടേയും പേരിൽ ജോയിൻറ് അക്കൗണ്ടും ഉണ്ട്. അക്കൗണ്ടിലെ പണം മുഴുവൻ തീർന്നതായും തങ്ങളുടെ പേരിൽ പിരിച്ചുകിട്ടിയ പണം ആണെങ്കിൽ തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് രാജേശ്വരി പറയുന്നത്. രണ്ടര മണിക്കൂറാണ് രാജേശ്വരി പാലസ് റോഡിൽ ഗതാഗതം നിയന്ത്രിച്ചത്. പട്ടിണി മാറ്റാൻ ട്രാഫിക് വാർഡന്റെ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് ആണ് രാജേശ്വരി റൂറൽ എസ്പിയെ കാണാൻ പെരുമ്പാവൂരിൽ നിന്ന് ആലുവയിൽ എത്തിയത്.
പിന്നാലെ രണ്ടര മണിക്കൂർ പാലസ് റോഡിൽ ഗതാഗതം നിയന്ത്രിച്ചു. ഒടുവിൽ പിങ്ക് പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചു പെരുമ്പാവൂരിലേക്കുള്ള ബസ് സ്റ്റോപ്പിൽ എത്തിച്ചു. 2016 ഏപ്രിൽ 28നു കുറുപ്പംപടിയിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനിയുടെ അമ്മയാണു രാജേശ്വരി. അക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന് പറഞ്ഞും രാജേശ്വരി വാർത്തകളിൽ നിറഞ്ഞിരുന്നു. ‘എനിക്കു വിശക്കുന്നു. പട്ടിണിയാണ്. എന്നെ ഏറ്റെടുക്കുന്നുവെന്നു പ്രഖ്യാപിച്ച സർക്കാർ തിരിഞ്ഞു നോക്കുന്നില്ല.
ട്രാഫിക് വാർഡന്റെ ജോലി എനിക്കിഷ്ടമാണ്. എസ്പി അടക്കമുള്ളവർക്കു സന്മനസ്സ് ഉണ്ടെങ്കിൽ തരട്ടെ. ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കണ്ടേ? ഞാനൊരു മനുഷ്യ സ്ത്രീയല്ലേ? എനിക്കുമില്ലേ വിശപ്പും ദാഹവും എന്നായിരുന്നു രാജേശ്വരിയുടെ പ്രതികരണം. രാവിലെ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം 9.30നാണു പാലസ് റോഡിൽ മുനിസിപ്പൽ റെസ്റ്റ് ഹൗസിനു മുന്നിൽ എത്തി രാജേശ്വരി വാഹനങ്ങൾ നിയന്ത്രിച്ചത്.
https://www.facebook.com/Malayalivartha