ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തു: നടന്‍ വിനായകനെ ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും:- വിനായകന്റെ വീട് ആക്രമിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍:- പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയത് ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരും, പോലീസും ചേര്‍ന്ന്...
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപമാനിച്ചെന്ന കേസില്‍ നടന്‍ വിനായകനെ ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് നടന്‍ വിനായകനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകള്‍ ആണ് ചുമത്തിയിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രതിഷേധം ഉയര്‍ന്നതോടെ കലൂര്‍ സ്റ്റേഡിയത്തിനു പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിനായകന്റെ വീട് ആക്രമിച്ചിരുന്നു. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു ആക്രമണം. പ്രവര്‍ത്തകന്‍ വിനായകന്റെ ഫ്ലാറ്റിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് ഫ്ലാറ്റിലെത്തിയ പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടത്. പൊലീസും ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയത്.
കഴിഞ്ഞ ദിവസം നടന്‍ വിനായകന്റെ ചിത്രം കത്തിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക ബിന്ദു ചന്ദ്രന്‍ വി. പ്രതിഷേധിച്ചിരുന്നു. ഒന്നല്ല ഒന്‍പതിനായിരം കേസ് വന്നാലും സഹിക്കുമെന്നും ജയിലില്‍ കിടക്കാന്‍ തയാറാണെന്നും ബിന്ദു ചന്ദ്രന്‍ പറഞ്ഞു. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത ഉമ്മന്‍ ചാണ്ടിയെപ്പോലൊരാളെ അവഹേളിക്കുമ്പോള്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തില്‍ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും ബിന്ദു ചോദിക്കുന്നു. വിനായകന്റെ ചിത്രം കത്തിക്കുന്ന വിഡിയോയും ബിന്ദു സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടു. നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞിട്ട് ഏതാനും മണിക്കൂറുകളെ ആയിട്ടൊള്ളൂ.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കളും അദ്ദേഹത്തിന് അനുശോചനം അറിയിച്ചു. ഒരു മനുഷ്യര്‍പോലും കുഞ്ഞൂഞ്ഞിനെതിരെ ഒന്നും പറയില്ല. എല്ലാ ശത്രുക്കളോടും അദ്ദേഹം ക്ഷമിക്കാറാണ് പതിവ്. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ ഒരാള്‍ അവഹേളിക്കുമ്പോള്‍ ഈ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തില്‍ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നത്. എല്ലാവരും പ്രതികരിച്ചു കഴിഞ്ഞു. നിങ്ങളുടെ അനുഗ്രഹത്തോടെ കര്‍മം നിര്‍വഹിക്കുകയാണ്. എടോ വിനായകന്‍ ഇതിന്റെ പേരില്‍ ഒന്നല്ല ഒന്‍പതിനായിരം കേസ് വന്നാലും ഞാന്‍ സഹിക്കും. ഞങ്ങളുടെ കുഞ്ഞൂഞ്ഞിനു വേണ്ടി...കണ്ണേ കരളേ കുഞ്ഞൂഞ്ഞേ...ഞങ്ങളുടെ നെഞ്ചിലെ റോസാ പൂവേ. എന്നായിരുന്നു ബിന്ദു ചന്ദ്രന്‍ വി.കുറിച്ചത്.
ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്- എന്നായിരുന്നു വിനായകന്‍ ഫേസ്ബുക്ക് ലൈവിലെത്തി പറഞ്ഞത്.
അതേ സമയം സംഭവത്തില്‍ ക്ഷമ ചോദിച്ച് നടി നിരഞ്ജന അനൂപ് രംഗത്ത് എത്തി. നടന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും നിരാശാജനകവും ആണെന്ന് നിരഞ്ജന പറഞ്ഞു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. ഞാന്‍ കൂടി ഉള്‍പ്പെടുന്ന ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുടെ മോശമായ ചില പ്രസ്താവനകളാല്‍ മുറിവേറ്റ പൊതുജനങ്ങളോടും ഓരോ വ്യക്തികളോടും ഞാന്‍ മാപ്പ് ചോദിക്കുന്നു.
നടനില്‍ നിന്നും വന്നത് അങ്ങേയറ്റം അപമാനകരവും നിരാശാജനകവുമായ പ്രസ്താവന ആണ്. എല്ലാവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട ജനനായകനോടുള്ള ബഹുമാനാര്‍ത്ഥം ഞാന്‍ ഇതിവിടെ പറയാന്‍ ആഗ്രഹിക്കുന്നു. ഒപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു', എന്നാണ് നിരഞ്ജന അനൂപ് കുറിച്ചത്.
https://www.facebook.com/Malayalivartha