കാലം കാത്ത് വച്ച ചരിത്രം... "ചന്ദ്രനിലെ നിധി ശേഖരം കണ്ണുവെച്ച് രാജ്യങ്ങൾ!
ദക്ഷിണധ്രുവത്തിൽ ചരിത്രമെഴുതിയ രാജ്യമാണ് ഇന്ത്യ. ഭാവിയിലെ ചാന്ദ്രപര്യവേഷണങ്ങളുടെ കേന്ദ്രബിന്ദുവാണ് ദക്ഷിണ ധ്രുവം. ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാണെങ്കിലും ദക്ഷിണധ്രുവത്തിൽ തൊടുന്ന ആദ്യരാജ്യം ഇന്ത്യയാണ്. അത് ചരിത്രം. അമേരിക്കയും റഷ്യയും ചെെനയും ചന്ദ്രനിൽ പേടകമിറക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം സ്വന്തം ശക്തിപ്രകടനങ്ങളായിരുന്നു. ഇന്ത്യ ചന്ദ്രയാൻ ഒന്ന് വിക്ഷേപിച്ചതോടെ ചന്ദ്രനിലെ ജലസാന്നിധ്യമാണ് ലോകത്തിന് മുന്നിൽ തുറക്കപ്പെട്ടത്.
ചന്ദ്രയാൻ 2 ലാൻഡറിനെ ഇറക്കുന്നതിൽ വിജയിച്ചില്ല. ചന്ദ്രപര്യവേഷണത്തിലെ നിർണ്ണായക സ്ഥലമായി ദക്ഷിണധ്രുവം മാറി. ആദ്യം ഇറങ്ങുന്നവർക്കുള്ള മേൽകോയ്‌മ കൊതിച്ചാണ് ചന്ദ്രയാന് മുമ്പേ ദക്ഷിണധ്രുവത്തിൽ തൊടാൻ റഷ്യ വെകിളിപിടിച്ച് ലൂണ 25 ഉം ആയി എത്തിയത്. എന്നാൽ ചന്ദ്രൻ ഇത് കാത്തുവെച്ചത് ഇന്ത്യയ്ക്ക് വേണ്ടിയായിരുന്നു.
ചന്ദ്രന്റെ ദക്ഷിണധ്രുവം ശാസ്ത്രജ്ഞർക്കു വലിയ താൽപര്യമുള്ള മേഖലയാണ്. ദക്ഷിണധ്രുവത്തിൽ പഠനം നടത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ. ചന്ദ്രന്റെ ഈ ഭാഗത്തേക്ക് ഇതുവരെ ഒരു ദൗത്യവും എത്തിയിട്ടില്ല. ചന്ദ്രനിലെ സവിശേഷതയാർന്ന മേഖലയായ എയ്‌റ്റ്കെൻ ബേസിൻ, 9.05 കിലോമീറ്റർ പൊക്കമുള്ള എപ്സിലോൺ കൊടുമുടി തുടങ്ങിയവയൊക്കെ ദക്ഷിണധ്രുവത്തിലാണ്.
ഇവിടെ കൂടുതൽ ജല സാന്നിധ്യം ഉണ്ടെന്നാണ് കരുതുന്നത്. ഭാവിയിലെ ഗോളാന്തര യാത്രകൾക്ക് ചന്ദ്രനിൽ താവളം സ്ഥാപിക്കാൻ പല രാജ്യങ്ങൾക്കും പദ്ധതിയുണ്ട്. അപ്പോൾ ഓക്സിജനും കുടിവെള്ളത്തിനും ഇന്ധനത്തിനും ഈ ജലസമ്പത്ത് ഉപയോഗിക്കാനാവും. ഈ ഭാഗത്തുള്ള ഗർത്തങ്ങളിൽ ആദ്യകാല സൗരയൂഥത്തിന്റെ ശേഷിപ്പുകളും പ്രതീക്ഷിക്കുന്നു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ഒരു വശത്ത്, ഒരു വലിയ നിഴൽ പ്രദേശമുണ്ട്, മറുവശത്ത്, ധാരാളം കൊടുമുടികളുണ്ട്. ഈ കൊടുമുടികൾ സ്ഥിരമായി സൂര്യപ്രകാശത്തിലാണ്. അതിനാൽ ഒരു മനുഷ്യ കോളനി സ്ഥാപിക്കാൻ പറ്റിയ സ്ഥലമാണ്. 2030ഓടെ അവിടെ മനുഷ്യ കോളനി സ്ഥാപിക്കാൻ ചൈന ആലോചിക്കുന്നുണ്ട്. ചന്ദ്രനിൽ ധാരാളം അമൂല്യ ധാതുക്കളും ലഭ്യമാണ്. അതിലൊന്ന് ഹീലിയം 3 ആണ്, ഇത് വൈദ്യുതി ഉത്പാദിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
1960-കളിൽ, ആദ്യത്തെ അപ്പോളോ ലാൻഡിംഗിന് മുമ്പ്, ചന്ദ്രനിൽ ജലം നിലനിൽക്കുമെന്ന് ശാസ്ത്രജ്ഞർ ഊഹിച്ചിരുന്നു. 1960-കളുടെ അവസാനത്തിലും 1970-കളുടെ തുടക്കത്തിലും അപ്പോളോ ജീവനക്കാർ വിശകലനത്തിനായി തിരിച്ചയച്ച സാമ്പിളുകൾ വരണ്ടതായി കാണപ്പെട്ടു. 2008-ൽ, ബ്രൗൺ യൂണിവേഴ്‌സിറ്റി ഗവേഷകർ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആ ചാന്ദ്ര സാമ്പിളുകൾ വീണ്ടും സന്ദർശിക്കുകയും അഗ്നിപർവ്വത ഗ്ലാസിന്റെ ചെറിയ മുത്തുകൾക്കുള്ളിൽ ഹൈഡ്രജൻ കണ്ടെത്തുകയും ചെയ്തു.
2009-ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ചന്ദ്രയാൻ-1 പേടകത്തിലെ നാസയുടെ ഉപകരണം ചന്ദ്രന്റെ ഉപരിതലത്തിൽ ജലം കണ്ടെത്തി. അതേ വർഷം തന്നെ ദക്ഷിണധ്രുവത്തിൽ പതിച്ച മറ്റൊരു നാസ പേടകം ചന്ദ്രന്റെ ഉപരിതലത്തിന് താഴെ മഞ്ഞുപാളികൾ കണ്ടെത്തി. നേരത്തെ നാസയുടെ ദൗത്യമായ 1998 ലെ ലൂണാർ പ്രോസ്‌പെക്ടർ, ദക്ഷിണധ്രുവത്തിലെ നിഴൽ ഗർത്തങ്ങളിലാണ് ഏറ്റവും കൂടുതൽ മഞ്ഞുപാളികൾ ഉള്ളതെന്ന് തെളിവുകൾ കണ്ടെത്തിയിരുന്നു.
അമേരിക്കയുടെ ചന്ദ്രഗവേഷണപദ്ധതികൾ ദക്ഷിണധ്രുവം കേന്ദ്രീകരിച്ചാണ്. ആർട്ടിമസ് പദ്ധതിയിൽ ചന്ദ്രന്റെ ദക്ഷണധ്രുവത്തിൽ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തും. അമേരിക്ക,റഷ്യ,ചെെന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെ ചന്ദ്രനെ ലക്ഷ്യമാക്കി നിരവധി രാജ്യങ്ങളാണ് ഒരുങ്ങുന്നത്. ജപ്പാനും യൂറോപ്യൻ യൂണിയനുമായി ചേർന്ന് കാനഡയും ജപ്പാനും യൂറോപ്യൻ യൂണിയനും സ്വന്തമായും ചാന്ദ്രദൗത്യങ്ങൾക്ക് ഒരുങ്ങുന്നുണ്ട്.
ഇസ്രയേലാണ് ചന്ദ്രനെ മോഹിക്കുന്ന മറ്റൊരു രാജ്യം. അവരുടെ ആദ്യ ലാൻഡർ ലാൻഡിങ് സമയത്ത് 2019ൽ ചന്ദ്രനിൽ തകർന്നു വീണിരുന്നു. ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു. മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ടർക്കി, യുക്രെയ്ൻ, യു.എ.ഇ, യു.കെ എന്നീ രാജ്യങ്ങൾക്കും ചന്ദ്രനിൽ ഇറങ്ങാൻ വ്യക്തമായ പദ്ധതികളുണ്ട്. ഇതിന് പുറമെ ബ്ലൂ ഒറിജിൻ, സ്‌പെയ്സ്എക്സ്, വേൾഡ് വ്യൂ എന്റർപ്രൈസസ് തുടങ്ങിയ സ്വകാര്യ കമ്പനികൾ വിനോദ സഞ്ചാരികളെ ചന്ദ്രനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha