യു എസ് ടി ഡീകോഡ് ഹാക്കത്തോണ്‍ 2023 വിജയികളെ പ്രഖ്യാപിച്ചു; ഡീ 3 ആഗോള സാങ്കേതിക സമ്മേളനം തിരുവനന്തപുരത്ത്; വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും ജോലി ഓഫറും
രാജ്യത്തെ വിവിധ കോളേജ്, സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫോമേഷന്‍ സൊലൂഷന്‍സ് കമ്പനി യു.എസ്.ടി സംഘടിപ്പിച്ച ഡീകോഡ് ഹാക്കത്തോണ്‍ 2023 വിജയികളെ പ്രഖ്യാപിച്ചു. മുംബൈ ദ്വാരകദാസ് ജെ സാംഘ്വി കോളേജ് ഓഫ് എഞ്ചിനീറിംഗിലെ അലന്‍ ജോര്‍ജ്ജ്, മിഹിര്‍ ഷിന്‍ഡെ, ഹര്‍ഷ് ഭവേഷ് ഷാ, മനന്‍ സഞ്ജയ് ഷാ എന്നിവരടങ്ങുന്ന ടീം മസാല പാപഡ് ഒന്നാം സമ്മാനം നേടി. സില്‍ച്ചര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രകാശ് ദേവനാനി, പ്രഖാര്‍ സക്സേന, ഗ്യാന്‍ദീപ് കാലിത, ഈഷ ഹാല്‍ദര്‍ എന്നിവരടങ്ങുന്ന ടീം ജാര്‍വിസ് രണ്ടാം സമ്മാനവും;
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീറിംഗിലെ (സി ഇ ടി) സൂരജ് മാത്യു, റിഷിന്‍ ആര്‍, സിദ്ധാര്‍ഥ് സജീവ്, ഹരി വി എന്നിവരടങ്ങുന്ന ടീം ജെനെസിസ് മൂന്നാം സമ്മാനവും നേടി. ലക്നൗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീറിംഗ് ആന്‍ഡ് ടെക്നോളജിയിലെ ഹര്‍ഷിത് ചൗരാസിയ, പ്രതീക് പാല്‍, ഹിമാന്‍ഷു സിംഗ്, മായ്ദാ ഇഫ്തിക്കര്‍ ചികാന്‍ എന്നിവരടങ്ങിയ ടീം കോഡ് റെഡ്; തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീറിംഗിലെ (സി ഇ ടി) പ്രണവ് സതീഷ്, ശ്രീഹരി എസ്, റിച്ചാര്‍ഡ് ജോസഫ്, അഖില്‍ ബിനോയ് വെട്ടിക്കല്‍ എന്നിവരടങ്ങിയ ടീം സീറോ എന്നിവര്‍ ഹോണററി പുരസ്‌ക്കാരത്തിനും അര്‍ഹരായി.
ഒന്നാം സമ്മാനം നേടിയ ടീമിന് ഏഴ് ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷവും, മുന്നാമതെത്തിയവര്‍ക്ക് മൂന്ന് ലക്ഷം രൂപയുമാണ് പുരസ്‌ക്കാരം. ഹോണററി പുരസ്‌ക്കാരം നേടിയ രണ്ട് ടീമുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കി. കൂടാതെ, മികച്ച അഞ്ച് ടീമുകളിലെ ഓരോ അംഗത്തിന്റെയും അസാധാരണമായ കഴിവുകള്‍ കണക്കിലെടുത്ത് യു എസ് ടി സോപാധികമായ ജോലി ഓഫറുകളും നല്‍കി.
നവീനമായ ആശയങ്ങളാണ് വിദ്യാര്‍ഥികള്‍ കാഴ്ച വച്ചത്. സൃഷ്ടിവൈഭവം, കണ്ടുപിടുത്തം, ഭാവിയിലേക്ക് സഹായകമായ സാങ്കേതികവിദ്യ എന്നിവയിലുള്ള മികവ് തെളിയിക്കുന്ന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് വലിയ സമ്മാനങ്ങളാണ് നല്‍കുന്നത്. ഒപ്പം, വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി, പ്രശ്ന പരിഹാരത്തിനുള്ള മികവ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗിലുള്ള വൈദഗ്ധ്യം എന്നിവ അളക്കാനുള്ള വേദി കൂടിയാവുകയായിരുന്നു ഡീകോഡ് ഹാക്കത്തോണ്‍.
ഡീകോഡ്ത്രി ഹാക്കത്തോണ്‍ 2023 പുതുതലമുറയ്ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും സര്‍ഗ്ഗാത്മകത, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവ തെളിയിക്കാനുമുള്ള വേദിയൊരുക്കിയെന്ന്, യു എസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനു ഗോപിനാഥ് പറഞ്ഞു. "വിജയികളുടെ അസാധാരണമായ പ്രകടനത്തെ അഭിനന്ദിക്കുന്നു.
എല്ലാ പ്രതിനിധികളും നൂതനമായ പരിഹാരങ്ങള്‍ മുന്നോട്ടുവെച്ചു. അനുമാനങ്ങളെ പുനര്‍വിചിന്തനം ചെയ്യാനും പരമ്പരാഗത രീതികളെ വെല്ലുവിളിക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. യുഎസ് ടി, ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറെടുക്കുമ്പോള്‍ എല്ലാ തലത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സഹായകമായ താക്കോലാണ് ജനറേറ്റീവ് എഐയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു," മനു ഗോപിനാഥ് പറഞ്ഞു.
ഡാറ്റ അധിഷ്ഠിതമാക്കി ഉയര്‍ന്ന നിലവാരമുള്ള ടെക്സ്റ്റ്, ഇമേജ്, മറ്റ് ഉള്ളടക്കങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നതിനുള്ള ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, നൂതന ആശയങ്ങളിലും സര്‍ഗാത്മകതയിലും വിപ്ലകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അവയുടെ സാധ്യതകള്‍, ഉപയോക്താക്കള്‍ എങ്ങനെയാണ് സാങ്കേതികവിദ്യയുമായി സമ്പര്‍ക്കം പുലര്‍ത്തുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ കൂടുതല്‍ അന്വേഷിച്ചതും അറിയാന്‍ ശ്രമിച്ചതും.
ഹാക്കത്തോണിലൂടെ അടുത്ത തലമുറയിലെ ഡിജിറ്റല്‍ എന്‍ഞ്ചിനിയര്‍മാരെ യു.എസ്.ടിയുടെ തിരുവനന്തപുരത്തെ മനോഹരമായ ക്യാമ്പസില്‍ ഒരുമിച്ച് അണിനിരത്താനും അവരെ പരസ്പരം കോര്‍ത്തിണക്കി പ്രോഗ്രാമിംഗ്, എന്‍ഞ്ചിനിയറിംഗ് വൈദഗ്ധ്യം എന്നിവ വികസിപ്പിക്കാനും ഉള്ള അവസരവും കമ്പനി ഒരുക്കി.
ഈ വര്‍ഷത്തെ ഡീകോഡ് ഹാക്കത്തോണിന് അഭൂതപൂര്‍വമായ പ്രതികരണമാണ് ലഭിച്ചത്, ഇന്ത്യയിലുടനീളമുള്ള കോളേജുകളില്‍നിന്നും സര്‍വകലാശാലകളില്‍ നിന്നും ഏകദേശം 12,000 അപേക്ഷകള്‍ ലഭിച്ചു. മൂന്ന് റൗണ്ടുകളായിരുന്നു മത്സരം.
തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ക്ക് യു.എസ്.ടിയില്‍ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരെയും നൂതന ആശയങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന ഉദ്യോഗസ്ഥരെയും കാണാനും ഉപഭോക്താക്കള്‍ക്കും സമൂഹത്തിനുമുള്ള ആശയവും മൂല്യനിര്‍മ്മാണ പ്രക്രിയയും സംബന്ധിച്ച ഉള്‍ക്കാഴ്ച നേടാനും അവസരം ലഭിച്ചു. തുടര്‍ന്ന് പ്രോഗ്രാമിംഗ് ചലഞ്ച് റൗണ്ട്, വീഡിയോ അഭിമുഖങ്ങള്‍ എന്നിവ നടന്നു. 2023 സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 1 വരെ 24 മണിക്കൂര്‍ ഓണ്‍സൈറ്റ് ഹാക്കത്തോണിനായി മികച്ച അഞ്ച് ടീമുകളെ യു എസ് ടി തിരുവനന്തപുരം കാമ്പസിലേക്ക് ക്ഷണിച്ചു.
യു എസ് ടി വർഷം തോറും തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഡീ 3 ആഗോള സാങ്കേതിക സമ്മേളനത്തിനു മുന്നോടിയായണ് ഹാക്കത്തോൺ നടന്നത്. ക്ഷണിക്കപ്പെട്ടവര്‍ക്കായി മാത്രം നടത്തുന്ന ഡീ 3 (ഡ്രീം, ഡെവലപ്, ഡിസ്റപ്റ്റ്) സാങ്കേതിക സമ്മേളനം ആറാം വര്‍ഷത്തിലേക്കു കടക്കുമ്പോൾ ഒക്ടോബര്‍ അഞ്ചിന് തിരുവനന്തപുരം ഹയാത്ത് റീജന്‍സി വേദിയാകും.
ടെക്നോളജി എക്സ്പോ, പ്രമുഖരായ പ്രഭാഷകരുടെ പ്രഭാഷണങ്ങള്‍, എന്നിവ കൂടാതെ ഒക്ടോബര്‍ അഞ്ചിന് ഏകദിന സമ്മേളനം എന്നിവ നടക്കും. ജനറേറ്റീവ് എഐയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളും മുന്നേറ്റങ്ങളും ബിസിനസ്സിലെ അവയുടെ മൂല്യവും ചര്‍ച്ച ചെയ്യാന്‍ വ്യവസായ പ്രമുഖര്‍, ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റുകള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെ ഡി3 ഒരുമിച്ച് കൊണ്ടുവരും.
യു എസ് ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ സുധീന്ദ്ര, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനു ഗോപിനാഥ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രഭാഷകനും ടെലിവിഷന്‍ അവതാരകനുമായ ഹെന്‍ട്രി അജ്ദര്‍, ടെക് വിസ്പറര്‍ ലിമിറ്റഡ് സ്ഥാപകന്‍ ജസ്പ്രീത് ബിന്ദ്ര, പെകാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. സോഹര്‍ ബ്രോണ്‍ഫ്മാന്‍,
മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ചീഫ് ടെക്‌നോളജി ഓഫീസര്‍ ഡോ. രോഹിണി ശ്രീവത്സ, ഹീറോ മോട്ടോകോര്‍പ്പിലെ സീനിയര്‍ ജനറല്‍ മാനേജര്‍ സമിത് ഗൊറൈ, സ്റ്റാന്‍ഫോര്‍ഡ് എഐ ലാബ്‌സിലെ സ്ട്രാറ്റജിക് റിസര്‍ച്ച് ഇനിഷ്യേറ്റീവ്സ് ജോയിന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോസഫ് ഹുവാങ്, യു എസ് ടിയുടെ യുകെ ഡാറ്റാ വിഭാഗം മേധാവി ഹെതര്‍ ഡാവ്, യുഎസ്ടി ചീഫ് എഐ
ആര്‍ക്കിടെക്റ്റ് ഡോ. അദ്നാന്‍ മസൂദ് എന്നിവര്‍ ജനറേറ്റീവ് എഐയുടെ വഴിയിലെ അപകടസാധ്യതകള്‍, ധാര്‍മ്മിക പരിഗണനകള്‍ എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യും. യുഎസ്ടിയുടെ ബിസിനസ്സില്‍ ജനറേറ്റീവ് എഐയുടെ വിപ്ലവകരമായ സ്വാധീനം, പുതിയ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വികസനം, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തല്‍, ഉപയോക്താക്കളുടെ അനുഭവം എന്നീ കാര്യങ്ങളില്‍ സാധ്യമായ ആപ്ലിക്കേഷനുകളെക്കുറിച്ചും സംസാരിക്കും.
https://www.facebook.com/Malayalivartha