കാറിൽ എത്തിയ സംഘം 14 കാരിയെ തട്ടിക്കൊണ്ട് പോയെന്ന് നാട്ടിൽ പ്രചരിച്ചു; പിന്നാലെ വമ്പൻ ട്വിസ്റ്റ്....
പതിനാലുകാരിയെ അജ്ഞാതർ തട്ടിക്കൊണ്ട് പോയെന്ന വാർത്ത കേട്ട് ഞെട്ടിയ ഹരിപ്പാടുകാർ പിന്നീട് കണ്ടത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്. കാറിലെത്തിയ അജ്ഞാതർ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് കേട്ടതോടെ ഓയൂരിലെ തട്ടിക്കൊണ്ട് പോകലും, ബഹളവും ഹരിപ്പാടുകാരുടെ നെഞ്ചിടിപ്പ് കൂട്ടി. മണിക്കൂറുകൾ നീണ്ട ആശങ്ക, കുട്ടിക്കായി വ്യാപക തെരച്ചിൽ നടത്തി പൊലീസും നാട്ടുകാരും, ഒടുവിൽ സിസിടിവി ദൃശ്യവും കിട്ടി. എന്നാൽ അന്വേഷിച്ചെത്തിയപ്പോഴാണ് ട്വിസ്റ്റ്. കഴിഞ്ഞ ദിവസമാണ് കാറിലെത്തിയവർ 14 കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന പ്രചാരണം ഹരിപ്പാട് നഗരത്തെ ഭീതിയിലാഴ്ത്തിയത്.
വൈകിട്ടോടെയാണ് പതിനാലുകാരിയെ വീട്ടിൽ നിന്നും കാണാതായത്. ഇതോടെ വീട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. അന്വേഷണത്തിൽ വീടിനു സമീപം കാറിൽ അപരിചിതരായ ചിലരെ കണ്ടെന്നുള്ള വിവരം പൊലീസിൽ ലഭിച്ചു. ഇത്തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിലും വന്നു തുടങ്ങി. പൊലീസ് സംഘം നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധന തുടങ്ങി. കുട്ടിയുടെ വീടിനു സമീപമുള്ള റോഡിലൂടെ പോയ കാറുകൾ കണ്ടെത്തി.
ദേശീയപാതയിലും വാഹന പരിശോധന തുടങ്ങി. ഇതിനിടെ നഗരത്തിലൂടെ പെൺകുട്ടി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതോടെ തട്ടിക്കൊണ്ടു പോയതല്ലെന്നും വീട്ടുകാർ വഴക്കു പറഞ്ഞതിന് പിണങ്ങി പോയതാണെന്നുമുള്ള നിഗമനത്തിൽ പൊലീസ് എത്തി. പെൺകുട്ടിക്കായി രാത്രിയിൽ സിനിമാ തിയറ്ററുകളിൽ ഷോ നിർത്തി വച്ച് വരെ പൊലീസ് പരിശോധന നടത്തി.
കെഎസ്ആർടിസി ബസ്സ്റ്റേഷൻ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണവും ആരംഭിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ ഫോണുകളും സുഹൃത്തുക്കളുടെ ഫോണുകളും നിരീക്ഷണത്തിലാക്കി. കുട്ടി ഉപയോഗിച്ചിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ ആളുകളെ ഉൾപ്പെടെ പൊലീസ് അന്വേഷിച്ച് കണ്ടെത്തി.
പെൺകുട്ടി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ സൈബർ സെല്ലിന് സഹായിക്കാനും കഴിഞ്ഞില്ല. തെരച്ചിലൊനടുവിൽ പെൺകുട്ടി രാത്രിയിൽ താമല്ലാക്കൽ ഭാഗത്ത് കുട്ടി നടന്നു പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഇതോടെ താമല്ലാക്കൽ ഭാഗത്ത് കുട്ടി പോകാൻ സാധ്യതയുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
കുട്ടിയുടെ ചില സുഹൃത്തുക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പൊലീസ് തന്ത്രപരമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടി ആൾത്താമസമില്ലാത്ത ബന്ധുവീട്ടിലുണ്ടെന്ന് കണ്ടെത്തിയത്. ഒടുവിൽ പൊലീസെത്തി പെൺകുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി, പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടു.
https://www.facebook.com/Malayalivartha