മുല്ലപ്പെരിയാറിന് കുറുകെ പുതിയ അണക്കെട്ട് പണിയാനുള്ള ഒരുക്കത്തിൽ കേരള സർക്കാർ; തമിഴ്‌നാട് സർക്കാരും ജനങ്ങളും ഇടയുന്നു:- മുല്ലപ്പെരിയാർ ഡാമിൽ മേൽനോട്ട സമിതി നിർദേശിച്ച ബലപ്പെടുത്തൽ നടപടികൾക്ക് തടസ്സം ഉന്നയിച്ചിട്ടില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും...
കാവേരിക്ക് കുറുകെ പുതിയ അണക്കെട്ട് പണിയാൻ കർണാടക സർക്കാർ നെട്ടോട്ടമോടുമ്പോൾ മുല്ലപ്പെരിയാറിന് കുറുകെ പുതിയ അണക്കെട്ട് പണിയാനുള്ള ഒരുക്കത്തിലാണ് കേരള സർക്കാർ. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ പട്ടിണിമൂലം ആളുകൾ മരിക്കുന്നത് കണ്ട പെനിക്വിക്ക് ആണ് ബ്രിട്ടീഷ് ഭരണകാലത്ത് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചത്. തമിഴ്‌നാടിന് കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും ലഭിക്കുന്നത് ഇതിലൂടെയാണ്. പെന്നിക്വിക്കിന്റെ ഈ ത്യാഗം തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് ദുർബ്ബലമാണെന്നും അതിൽ സംഭരിക്കുന്ന ജലനിരപ്പ് വർധിപ്പിക്കരുതെന്നും മുല്ലപ്പെരിയാറിന് കുറുകെ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന ആവശ്യവുമായി കേരളസർക്കാർ രംഗത്ത് എത്തി. ഇതിനെതിരെ തമിഴ്‌നാട് സർക്കാരും ജനങ്ങളും ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്.
തെക്കൻ തമിഴ്‌നാട്ടിൽ ഇത് ഒരു ഉപജീവന പ്രശ്നമാണ് ഇത്. പുതിയ അണക്കെട്ടിൽ വെള്ളം തടഞ്ഞാൽ അഞ്ച് ജില്ലകൾ വരൾച്ച നേരിടും. എന്നാൽ കേരളത്തെ സംബന്ധിച്ച ആശങ്ക കാലാവധി കഴിഞ്ഞ അണക്കെട്ടിന്റെ താഴത്തെ പ്രദേശത്ത് താമസിക്കുന്ന അഞ്ച് ലക്ഷം ജനങ്ങളാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ, അറ്റകുറ്റപ്പണികൾ മേൽനോട്ട ബോർഡ് മാത്രം നിർവഹിക്കണം, എന്ന ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ജോ ജേക്കബ് സമർപ്പിച്ച ഹർജിയിൽ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ മറുപടി നൽകിയത് മുല്ലപ്പെരിയാർ അണക്കെട്ട് ജലശാസ്ത്രപരമായും, ഭൂകമ്പപരമായും, ഘടനാപരമായും ശക്തമാണെന്നാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബാക്കിയുള്ള ബലപ്പെടുത്തൽ ജോലികൾ ഇനിയും വൈകിപ്പിക്കരുതെന്ന് തമിഴ്‌നാട് വ്യക്തമാക്കുകയും ചെയ്തു. കേരളം ആവശ്യപ്പെടുന്ന സമഗ്ര സുരക്ഷാ വിലിരുത്തൽ അത് കഴിഞ്ഞാണ് നടത്തേണ്ടത്. ബലപ്പെടുത്തൽ ജോലികൾക്ക് 2006 മുതൽ കേരളം തടസ്സംനിൽക്കുകയാണ്. അതിനാൽ സുരക്ഷാവിലയിരുത്തൽ നടത്താൻ മേൽനോട്ടസമിതിക്ക് നിർദേശം നൽകണമെന്ന കേരളത്തിന്റെ അപേക്ഷ തള്ളണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുല്ലപ്പെരിയാർ ഡാമിൽ മേൽനോട്ട സമിതി നിർദേശിച്ച ബലപ്പെടുത്തൽ നടപടികൾക്ക് തടസ്സം ഉന്നയിച്ചിട്ടില്ലെന്നു കേരളം സുപ്രീം കോടതിയെ അറിയിക്കും. ബലപ്പെടുത്തൽ നടപടികളോടു കേരളം സഹകരിക്കുന്നില്ലെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കെ കേരളത്തിന്റെ നിലപാട് ഏറെ നിർണായകമാകും.
ഇതുമായി ബന്ധപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിൻ ഇന്നലെ സുപ്രീം കോടതിയിലെ കേരളത്തിന്റെ അഭിഭാഷകരുമായി ചർച്ച നടത്തി. ഡാമിന്റെ സുരക്ഷ സംബന്ധിച്ചു വിദഗ്ധരുടെ സ്വതന്ത്ര സമിതിയെ നിയോഗിച്ച് പരിശോധന നടത്തണമെന്ന ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണിത്. ഡാം ബലപ്പെടുത്താൻ തമിഴ്‌നാട് മുൻകയ്യെടുക്കണമെന്നും പുതിയ ഡാം വേണമെന്ന ആവശ്യം തത്വത്തിൽ അംഗീകരിച്ചുകൊണ്ടു തന്നെ ബലപ്പെടുത്തൽ പൂർത്തിയാക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളതെന്നു റോഷി അഗസ്റ്റിൻ പറഞ്ഞു. തമിഴ്നാടിന് ആവശ്യമായ ജലം കൊടുത്തുകൊണ്ടു തന്നെ പുതിയ ഡാം എന്ന ആവശ്യത്തിൽ രമ്യമായ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. പുതിയ ഡാമിന്റെ ഡിസൈനും പാരിസ്ഥിതിക ആഘാതപഠനവും പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷ സംബന്ധിച്ച പുതിയ പഠനം വേണമെന്ന സുപ്രീം കോടതി നിർദേശം പാലിക്കപ്പെട്ടിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും അപകടകരമായ സ്ഥിതിയിൽ നിലകൊള്ളുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ എന്നും, ഈ അണക്കെട്ട് എപ്പോള്‍ വേണമെങ്കിലും അപകടത്തിൽപ്പെടാമെന്നും ന്യൂയോർക്ക് ടൈംസ് പുറത്ത് വിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. 35ലക്ഷം പേരെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നതെന്ന് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. അണക്കെട്ട് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ വിവിധ നിർദേശങ്ങൾ കേരളം പാലിച്ചിട്ടില്ലെന്ന് തമിഴ്‌നാട് പറയുന്നത്. കേന്ദ്ര ജലകമ്മിഷൻ, വിദഗ്ധസമിതി, ഉന്നതാധികാരസമിതി എന്നിവ ശുപാർശചെയ്ത ബലപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കണം. 2021-ലെ ഡാം സുരക്ഷാ നിയമത്തിലെ 38-ാം വകുപ്പുപ്രകാരം, അണക്കെട്ടിന്റെ ഉടമസ്ഥരായ തങ്ങളാണ് സമഗ്ര സുരക്ഷാ വിലയിരുത്തൽ നടത്തേണ്ടത്. നിയമം നിലവിൽവന്ന് അഞ്ചുവർഷത്തിനകം അത് ചെയ്താൽ മതിയെന്നതിനാൽ 2026 ഡിസംബർ 30 വരെ സമയമുണ്ട്.
അണക്കെട്ട് തുടർച്ചയായി നിരീക്ഷിച്ച് സുരക്ഷിതമാണെന്ന് മേൽനോട്ടസമിതിയും ഉപസമിതിയും ഉറപ്പാക്കുന്നുണ്ട്. കാലവർഷസമയത്ത് ഓരോ മാസവും അല്ലാത്തപ്പോൾ രണ്ടുമാസം കൂടുമ്പോഴും നിരീക്ഷിക്കുന്നുണ്ട്. ബാക്കിയുള്ള ബലപ്പെടുത്തൽ ജോലികൾകൂടി പൂർത്തിയായിട്ടുമതി സമഗ്രസുരക്ഷാ വിലയിരുത്തൽ. അണക്കെട്ടിന്റെ പ്രായക്കൂടുതൽ ബലക്കുറവുണ്ടാക്കില്ല. കേരളം ചൂണ്ടിക്കാട്ടുന്ന കാനഡയിലെ ഒട്ടാവ സർവകലാശാലയുടെ പഠനത്തിൽത്തന്നെ പറയുന്നത്, അണക്കെട്ടിന്റെ പരാജയത്തിന് പ്രായക്കൂടുതൽ കാരണമല്ലെന്നാണ് തമിഴ്‌നാട് വാദം.
https://www.facebook.com/Malayalivartha